രാവിലെ പതിവുപോലെ തന്റെ പാട്ടുപെട്ടിയുമെടുത്തു ആറു വയസ്സായ മകന്റെ കൈയും പിടിച്ചു നടക്കുമ്പോൾ അയാൾ ഇന്നത്തെ ചിലവുകളുടെ ഏകദേശ രൂപം മനസ്സില് കുറിച്ചിട്ടു ....മഴ പെയ്താൽ ചോരുന്ന കൂരയിലെ കുളിമുറിയെ അന്ധകാരതിലാഴ്ത്തിയ ( തനിക്കെപ്പഴും എവിടേം അന്ധകാരമാണെങ്കിൽ പോലും )ആ ബൾബ് ഒന്നു മാറ്റിയിടണം ,അല്ല പറഞ്ഞിട്ടുകാര്യമില്ല കുറെ ദിവസമായി അത് കരിപിടിച്ചു നില്ക്കുന്നു .കുട്ടിയെ ഈ വർഷമാണ് സ്കൂളിൽ ചേർത്തത് .അവനു പുതിയ സ്ലൈറ്റും പെന്സിലും വാങ്ങണം ,ചിറ്റയുടെ മോന്റെ കുറച്ചു പഴക്കമുള്ള സ്ലൈറ്റായിരുന്നു ,ഇന്നലെ സ്കൂളിൽ നിന്നും വരുന്ന വഴി ചെരുപ്പു പൊട്ടി വീണതാ പാവം ,സ്ലൈറ്റ് തവിടുപൊടി ,ചെരിപ്പിന്നലെ തന്നെ കുട്ടപ്പേട്ടൻ നന്നാക്കി കൊടുത്തിരുന്നു ....ഭാര്യയുടെ മരുന്ന് ,ഒരിക്കല്ക്കൂടി അയാള് തന്റെ പാന്റിന്റെ കീറാത്ത പോക്കറ്റിൽ തപ്പി നോക്കി ....കുറിപ്പെടുക്കാൻ മറന്നിട്ടില്ല .പോകുമ്പോൾ സ്റ്റേഷനടുത്തുള്ള രമേശന്റെ മരുന്നുകടയില് കൊടുത്താൽ മതി വൈകീട്ട് വരുമ്പോളേക്കും അവനതു എടുത്തു വെച്ചിണ്ടാവും .അയാള് താൻ മാറോടു ചേർത്തുപിടിച്ചിട്ടുള്ള പാട്ടുപെട്ടിയെ ഒന്നുതലോടി നോക്കി ;ഇല്ല കുഴപ്പമൊന്നും പറ്റിയിട്ടില്ല -ഇന്നലെ ഏതോ ഒരു മാന്യൻ വലിച്ചെറിഞ്ഞതാണ് ...നടക്കുമ്പോൾ അയാള്ടെ മേത്ത് കൈ തട്ടിയകാരണം ആണത്രേ !!!ചെറിയ പൊട്ടലുന്ടെന്നു തോന്നുന്നു ,സഖാവ് മാഷ് തന്നതാണ് .....താൻ വെറുതെ തീവണ്ടിയിൽ കൈനീട്ടി നടന്നിരുന്ന കാലത്ത് മാഷാണ് പണ്ടേ പാടാൻ കഴിവുണ്ടായിരുന്ന തനിക്ക് പുതിയ പാട്ടുപെട്ടി വാങ്ങിത്തന്നു പറഞ്ഞത് "ഗോപ്യേ ആരുടെയെങ്കിലും മുൻപിൽ വെറുതെ കൈനീട്ടി കിട്ടുന്നതിലും നല്ലത് കുറച്ചാണെങ്കിലും സ്വയം അദ്ധ്വാനിച്ചുണ്ടാക്കുന്നതിലാ" എന്ന്,അന്നുമുതൽ തീവണ്ടിയിൽ പാടാൻ തുടങ്ങിയതാണ് ,എത്രനാൾ പോകുമോ എന്തോ?!!!
ഇതിനിടയിലാണ് ഏതോ തെമ്മാടിക്കാറ്റിന്റെ പിന്നാലെ ചാറ്റൽമഴ വന്നത് ,മകന്റെ കൈയിലുള്ള കുട വാങ്ങി നിവര്ത്തി പാട്ടുപെട്ടി അവന്റെ കൈയിൽ കൊടുത്തു.മഴ കാറ്റിനെ പിടികിട്ടാത്ത കാരണമോ എന്തോ വാശി തീര്ക്കാനെന്നപോലെ പെയ്തുകൊണ്ടേ ഇരിക്കുന്നു ,മഴത്തുള്ളികൾ ആ കുടയുടെ കീറിയ ശീലക്കുള്ളിലൂടെ അവരെ ചുംബിച്ചുകൊണ്ട് താഴെക്കെവിടെക്കോ പോയിമറഞ്ഞു .....മഴയിലൂടെ ഓരോന്നോർത്ത് നടക്കുമ്പോളാണ് മയമ്മുക്കാന്റെ വിളി "ഗോപ്യേ ഇന്ന് ചായ വേണ്ടേന്ന് "നടന്നു നടന്നു എത്തിയതറിഞ്ഞില്ല ,അത് പതിവുള്ളതാണ് സ്റ്റേഷൻറെ അടുത്തുള്ള മയമ്മുക്കാന്റെ തട്ടുകടയില്നിന്നും ഒരു സ്ട്രോങ്ങ് ചായ ...മയമ്മുക്ക തന്നെ മോന് പാലിൻവെള്ളം എടുത്ത് കൊടുത്തു ...അവിടെ ഇക്ക പൈസ വാങ്ങാറില്ല !ചായകുടി കഴിഞ്ഞു മയമ്മുക്കനോട് യാത്രപറഞ്ഞിറങ്ങി മോനെ തിരിച്ചു വിട്ടു ,വൈകീട്ട് വരുമ്പോൾ കുടെയെടുക്കാൻ മറക്കണ്ട എന്ന് ഓര്മിപ്പിച്ചു ....മഴക്കിത്തിരി കുറവുണ്ട് ,സ്റ്റേഷനിലേക്ക് ഇനി അധിക ദൂരമില്ല .....അയാൾ പതുക്കെ നടന്നു ............അപ്പോൾ ദൂരെ നിന്നും വരാൻ പോകുന്ന ഏതോ വണ്ടിയുടെ സൈറൻ മുഴങ്ങിക്കൊണ്ടേയിരുന്നു ......
No comments:
Post a Comment