Thursday, 10 October 2019

ഒരു കേരളോത്സവം അപാരത 1

അങ്ങനെ ഒരു കേരളോത്സവക്കാലം വീണ്ടും എത്തുകയാണ്....
ഞങ്ങളീ നാട്ടിൻപുറത്തുകാർക്ക് ആഘോഷിക്കാവുന്നതെല്ലാം ആഘോഷിക്കണം അതിപ്പോ പൂരമായാലും പെരുന്നാളായാലും എന്ത് പണ്ടാരമായാലും...

പറഞ്ഞു വന്നത് എന്താന്ന് വെച്ചാല് ഓരോ കേരളോത്സവും യുദ്ധങ്ങളാണ് ക്ലബ്ബുകളുടെ കുടിപ്പക തീർക്കാനുള്ള അവസരമാണ്...ഒരു പഞ്ചായത്തിലെ മുഴുവൻ ക്ലബ്ബുകളും പങ്കെടുക്കുന്നതായതുകൊണ്ട് വാശി ഇത്തിരി കൂടും...ഇങ്ങനെ തിളക്കുന്ന ചോര ചിലപ്പോ കൈയ്യാങ്കളിയിലും അവസാനം അത് പൊരിഞ്ഞ ചേരിപ്പോരിലും ആയിരിക്കും അവസാനിക്കുക...

ഞങ്ങടെ നാട്ടിലും ഉണ്ട് ഒരു കിടിലോസ്‌കി ക്ലബ്ബ് "ബോബി കൊണ്ടയൂർ"
പേര് കേട്ടാൽ അപ്പൊ വിറയ്ക്കും.. ആരെന്ന് പിന്നെ പറയാം...
അപ്പൊ അങ്ങനെ നമ്മുടെ ശക്തി കേന്ദ്രങ്ങളായ വോളീബോളിൽ ഈ പഞ്ചായത്തിലേ എതിരാളികൾ ഇല്ലാതിരുന്ന കാലം, അപ്പോഴാണ് ചില ആൾക്കാർക്ക് ഒരു തോന്നല് ഇപ്രാവശ്യം വോളിയിൽ മാത്രമല്ല ഫുട്ബോളിലും കരുത്തു തെളിയിക്കണം എന്ന്...ഇനിപ്പോ അതില്ലാതെ ഒരു കുറവ് വേണ്ട.. അങ്ങനെ കൈയടിച്ചു പ്രമേയം പാസാക്കി...
കാര്യം നമ്മുടെ പൂർവികർ നല്ല കിടുക്കാച്ചി കളിക്കാരായിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട് "അരുണാപ്പനും ബഷീർക്കയും മുരളിയേട്ടനും  സിദ്ധിക്കയും ഒക്കെ ഇണ്ടാർന്ന കിടുക്കാച്ചി ടീമ്.."
എന്തൊക്കെ ആയാലും കല്ലി വല്ലി എന്നും പറഞ്ഞ് കളരി പരമ്പര ദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച് അങ്ങിറങ്ങി...
അപ്പോഴാണ് അടുത്ത പ്രശ്‌നം നമ്മളന്ന് പഴയ ഇന്ത്യൻ ടീം ആണ്, എന്താ കാര്യം..? ആർക്കും ബൂട്ട് ഇട്ടിട്ട് കളിക്കാനും അറിയില്ല!!! ശുഭം... ദേ കിടക്കുന്നു.
കളിയുടെ തലേ ദിവസം വൈകീട്ടാണ് ഈ പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുക്കുന്നത് എല്ലാവരും..കുടുങ്ങിയോ എങ്ങനെ ഒപ്പിക്കാനാണ് ഈ പറഞ്ഞ സാധനം..?
അപ്പോഴാണ് കഞ്ഞിരക്കോട് നിന്നും കുടിയേറിപ്പാർത്ത ഞങ്ങടെ കരുത്തുറ്റ ലെഫ്റ്റ് ബാക്ക് "അപ്പു" ഇടപെടുന്നത്, ഈ പറയുന്ന സാധനം അവൻ അവന്റെ പണ്ടത്തെ നാട്ടിൽ ആരൊക്കെയോ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് ത്രേ!!!!
'ഹാവൂ സമാധാനം'.
അപ്പൊ തന്നെ സാധനം വാങ്ങാൻ "ജിനുവും" അവനും കൂടി പുറപ്പെട്ടു..(ജിനു അന്നും ഇന്നും എന്നും ഞങ്ങടെ "വലെന്റിനോ റോസ്സി" ആണ്.)ഒരു മണിക്കൂറുള്ളത് അവൻ എങ്ങനെ പോയാലും ഒരു മുക്കാൽ മണിക്കൂറിൽ ഒതുക്കും...അതോണ്ടെന്താ സാധനം പറഞ്ഞ സമയത്തിന് എത്തി.
എല്ലാവരുടെ മുഖത്തും ഒരു യുദ്ധം ജയിച്ച പ്രതീതി ആയിരുന്നു.

TBC

ഒരു കേരളോത്സവം അപാരത 2

അങ്ങനെ പിറ്റേന്ന്...

ഫിക്സ്ചർ കണ്ടപ്പോൾ തന്നെ ഞങ്ങടെ പകുതി ബോധം പോയി... "ദി ഗ്രൂപ്പ്" ആണ് എതിരാളികൾ.. തിരുപ്പതിയായി എന്ന ലെവലിൽ ക്ലബ്ബ് ക്യാപ്റ്റൻ "മനോജേട്ടൻ."
അന്നും ഇന്നും ഫുട്‌ബോളിൽ അവരെ വെല്ലാൻ ടീമില്ല. കുമാരനും മനോജും കീപ്പർ ബാബുവും മത്തിയും ഐലയും അങ്ങനെ കുറേ എണ്ണവും...

ഞങ്ങടെ കീപ്പർ "സജുവേട്ടന്റെ" ധൈര്യം സ്റ്റോപ്പർ ബാക്ക് "സൂര്യനാണ്".അത്യാവശ്യം ഉയരവും നല്ല ഒത്ത തടിയുമുള്ള അവനെ കടന്നിട്ട് വേണം ഗോൾ ആവാൻ എന്നുള്ള അഹങ്കാരത്തിൽ ആണ് കീപ്പർ...
ആദ്യമായിട്ട് ബൂട്ടിട്ട് കളിക്കാൻ പോകുന്നതിന്റെ അങ്കലാപ്പിൽ ആണ് ബാക്കിയുള്ളവർ...
കളി തുടങ്ങി
ആകെ പൊക...ബോൾ ഇങ്ങനെ പറക്കുന്നുണ്ട്...ഇടക്ക് കണ്ടു "സൂര്യന്റെ" ബൂട്ടും പറക്കുന്നത്...
അവസാനം കളി കഴിഞ്ഞപ്പോ ഞങ്ങടെ കാലിൽ ബൂട്ടൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വല നിറച്ചും ഗോൾ അവർ അടിച്ചു കൂട്ടിയിരുന്നു...8 ഗോൾ..അതിനെപ്പറ്റിയുള്ള വാഗ്വാദങ്ങൾ കുറച്ചുകാലം ഉണ്ടായിരുന്നു..അവർക്ക് എണ്ണം പിഴച്ചതാണെന്നും ശരിക്കും 9 ഗോൾ ഉണ്ടെന്നും... സംതൃപ്തിക്ക് വേറെ എങ്ങോട്ടേലും പോണോ...എല്ലാവർക്കും വയർ നിറഞ്ഞു.

ഈ കലിപ്പെല്ലാം വോളിയിൽ തീർത്തു ഫൈനലിൽ എത്തി...
ഫൈനലിൽ റഫറിയുടെ തീരുമാനങ്ങളിൽ പ്രതിഷേധിച്ചിട്ട് വോകൗട് നടത്തി..വരുന്ന വരവിൽ രണ്ട് ബോളും നെറ്റും എടുക്കാൻ മറന്നില്ല....പ്രശ്‌നം ഒന്നും ഉണ്ടായില്ല ചെറുതായി ഒന്ന് പോലീസ് കേസ് ആയി...അവര് വന്ന് പറഞ്ഞപ്പോ ഞങ്ങൾ പിന്നെ ഒടക്കാനൊന്നും നിന്നില്ല..പേടിച്ചിട്ടല്ലാട്ടോ..പോലീസ് അന്നും ഇന്നും നമുക്ക് പുല്ലാണ്....

TBC

Sunday, 21 July 2019

ജലം

മൗനങ്ങളുടെ നേർത്ത ഇടവേളകളിൽ നമുക്കൊന്നു തിരികെ നടക്കാം....

നമ്മിടങ്ങളിലേക്കുള്ള ആ ഇടുങ്ങിയ
കൽപ്പടവുകൾ നമുക്കൊരുമിച്ചിറങ്ങാം....

അമ്പലക്കുളത്തിന്റെ ഇക്കരെയുള്ള-
മന്ദാരം പൂത്തു നിൽക്കുന്ന പടവിൽ
ഒരുമിച്ചിരിക്കാം....

കാലിൽ വന്ന് മുത്തിയിട്ടുപോയ കുഞ്ഞുമീനുകളെയെല്ലാം നമുക്ക് മറവിയാൽ മൂടാം....

സൂര്യനെ പ്രണയിക്കുന്ന ആമ്പലുകളുടെ
മൊട്ടിറുക്കാം....പൂക്കളെ ത്യജിക്കാം...

ചെങ്കല്ല് പടവുകളിൽ പടർന്ന നിന്റെ മഞ്ഞൾക്കുറികളെ നമുക്കൊരു കണ്ണീർ മഴയാൽ മായ്ക്കാം....

പകുത്തെടുത്ത ഹൃദയ പാതി ആ ജലത്തിൽ ഒഴുക്കാം....

ആ കുഞ്ഞോളങ്ങളിൽ നമുക്കലിഞ്ഞില്ലാതെയാവാം....
ഇനിയൊരു ഇടവപ്പാതി വരുമ്പോൾ മാത്രം
നമുക്ക് രണ്ടായൊഴുകി പിരിയാം...

Tuesday, 25 June 2019

പുനർജ്ജനി

നീ മരിച്ചാലോ ഞാൻ മരിച്ചാലോ
അരികിലൊരു മരമുല്ല നടണം...
അതിങ്ങനെ മൃതിയിലലിഞ്ഞ ഹൃദയത്തിൽ
വേരാഴ്ന്നിറങ്ങി
അവസാന കണികയും മണ്ണോടലിയുമ്പോൾ
വീണ്ടും പുനർജ്ജനിക്കണം...
പൂക്കളായ്‌...
രാത്രിയിൽ അവ ഓർമകളെ
സ്നിഗ്ധഗന്ധമുള്ളതാക്കട്ടെ...

പുതുമഴമണമുള്ള ചുടുചുംബനങ്ങൾ

വാനമേ നീയിനിയും പെയ്യുക...
തീരാതെ നീളുന്ന വഴികളിൽ നിന്റെ
നീണ്ട ചുംബനങ്ങൾ നൽകുക...
വറ്റിവരണ്ട ഊഷര ഭൂമിയിൽ സ്വപ്നങ്ങളുടെ പുൽനാമ്പുകളെ
പുനർജ്ജനിപ്പിക്കുക...
അവളിലൊരുന്മാദമായ്
പെയ്തൊഴിഞ്ഞ്
അടങ്ങാത്ത വിരഹ താപം ശമിപ്പിക്കുക.

Tuesday, 16 April 2019

പേമാരി

ഇനിയൊരു മഴ കാത്തിരിക്കാം-

വരണ്ടുണങ്ങിയ ഹൃദയധമനികൾ കുതിർന്നെഴുന്നേൽക്കുമെങ്കിൽ-

ഉഷ്ണക്കാറ്റിൽ കരിഞ്ഞുണങ്ങിയ ശിഖരങ്ങളിലെ ഇലകൾക്ക് ഇനിയൊരു പുനർജ്ജനി നൽകാമെങ്കിൽ-

ആളിക്കത്തിയ കാട്ടുതീയിൽ വെന്തുരുകിയ ജീവനുകൾക്ക് മോക്ഷമുണ്ടെങ്കിൽ-

ഒഴുക്കുനിലച്ചൊരു നദിക്ക് ജീവശ്വാസം നൽകാമെങ്കിൽ-

വറുതിയറിഞ്ഞൊരു കുടിലിൽ അടുപ്പ് പുകയുന്നുണ്ടെങ്കിൽ-

മീസാൻ കല്ലുകൾക്ക് കുളിരണിയുമെങ്കിൽ-

ഇനിയീകോലായിൽ എനിക്ക് ചൂടുപകർന്ന്
നീയുണ്ടെങ്കിൽ-

കാത്തിരിക്കാം ഒരു പേമാരിയെ......!!!

Wednesday, 27 March 2019

അവള്

പുകഞ്ഞുപൊന്തുന്ന ആത്മരതികളുടെ
അട്ടഹാസങ്ങൾ തിരസ്കരിച്ച്-

സ്വപ്നങ്ങളുടെ ആത്മാക്കളെ മോക്ഷമില്ലായ്മയിൽ തളച്ച്-

വാക്കുകൾക്ക് മൗനങ്ങളുടെ
അവസാനമില്ലാത്ത ഇടവേളകൾ നൽകി-

പ്രണയത്തിന്
ഹൃദയഭ്രഷ്ട്ട് കൽപ്പിച്ച്-

വികാരവേലിയേറ്റങ്ങളെ
ആത്മാവിലാവാഹിച്ച്-

ഒരു തീയിലെല്ലാം എരിച്ചുകളയാൻ,
ഒരു താണ്ഡവനൃത്തത്തിൽ എല്ലാം തകർക്കാൻ-
ഒന്നാർത്തട്ടഹസിക്കാൻ-
തക്കംപാർത്തിരിക്കുന്നൊരു-
ദാരിക രക്ത ദാഹിയായ കാളിയെ
അവളുള്ളിലൊളിപ്പിച്ചു-
ചങ്ങലക്കിട്ടുവെച്ചിരിക്കെയാണ്.

Saturday, 23 March 2019

നീയില്ലായ്മ

ചിന്തകളെല്ലാം നിന്നിൽനിന്നും പറിച്ചുമാറ്റി നട്ടിട്ടും.....

ഒരിറ്റു രക്തം പോലും ചിന്താതെ എന്റെ ധമനികൾ നിന്നിൽ നിന്നും മുറിച്ചുമാറ്റിയിട്ടും......

നിന്നിൽ വേരാഴ്ന്നിറങ്ങിയ എന്റെ ഗുൽമോഹറിന്റെ ചില്ലകളെല്ലാം
അറുത്തുമാറ്റിയിട്ടും....

നിന്നോർമ്മകളെല്ലാം എന്റെ നെഞ്ചിലെ നെരിപ്പോടിനുള്ളിൽ
അഗ്നിയാലാളിയിട്ടും...

അനന്തമായ ആകാശത്ത് നീയെന്തേ വീണ്ടും വീണ്ടും പിറക്കുന്നു!!!!

#കടപ്പാട്: അവൾക്ക്-നന്ത്യാർവട്ടത്തിന്റെ മറുപാതിക്ക്!

Tuesday, 26 February 2019

നിള

ഇനിയുമിങ്ങനെ ഞാൻ നിന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുകയാണ്....
ഇടമുറിയാതെ പെയ്‌തൊരിടവപ്പാതിയിൽ നിറഞ്ഞൊഴുകുന്ന നിളപോലെ...

നിശബ്ദം വരണ്ടുണങ്ങിയ..അഗ്നിപഥത്തിൽ വിണ്ടുകീറിയ... ഹൃദയം തകർന്ന...
ഒരിറ്റു ജീവനായി ...ഒന്നുറക്കെ തൊണ്ടപൊട്ടിയലറാൻ പോലുമാകാതെ...
ദേഹം കാർന്നെടുത്തു നിങ്ങൾ കെട്ടിയ കൊട്ടാരങ്ങളെ സാക്ഷിയാക്കി... ഇടറാതെ ഒന്നൊഴുകാതെ ഇന്നും പതിയെ മരിച്ചു കൊണ്ടിരിക്കെയായിരുന്നു....


നദി

ആത്മ നൊമ്പരങ്ങൾ അത്രമേൽ ആഴത്തിൽ-
വേരാഴ്ന്നിറങ്ങിയിട്ടും....
ഹൃദയധമനികൾ അറുത്തുമാറ്റിയിട്ടും....
നിന്നിലേക്ക് പടർന്ന്-
നിന്നിലലിഞ്ഞില്ലാതെയായിട്ടും...
നിശബ്ദം ചലിച്ചിരുന്ന സമയചക്രത്തെ-
പ്പിന്നിലാക്കി നിന്നിലേക്കുമാത്രം ഒഴുകിയിറങ്ങിയിരുന്നൊരു
നദിയുണ്ടായിരുന്നു...
ഒരിക്കലും വറ്റാതെ.. കണ്ണാടിപോലെ തിളങ്ങിയിരുന്നൊരു നദി...
ഇന്നീ വേനലിൽ നിന്റെ ഓർമ്മകളുടെ താപത്തിൽ വരണ്ട്-
ഒഴുക്കുനിലച്ചൊരു നദി ....
ഇനിയൊരിടവപ്പാതിക്കുവേണ്ടി കാത്തിരുന്ന്
മൃതിയടഞ്ഞുകൊണ്ടിരിക്കെയാണ്..


Monday, 25 February 2019

കനൽ

ചാരം മൂടി -
കാറ്റുവീശാതെ-
ഇരുട്ടറിയാതെ -
കാത്തുവെച്ചൊരു കനലുണ്ട്,
തിളച്ചുമറിഞ്ഞിരുന്ന സിരകളുടെ ബാക്കിപത്രമായ്...
ഒഴുകിയിറങ്ങിയ വിയർപ്പിനോർമ്മക്കായ് ...
അവളുടെ തീയിനാൽ കൊരുത്തൊരു കനൽ..
ഇന്നും അണയാതെ...അഗ്നിബാഷ്പങ്ങൾ ചോർന്നുപോകാതെ
കാത്തുവെച്ചിട്ടുണ്ട്...!

മൃതി....

പ്രണയത്തിന്റെ ഇലകൾ പൊഴിച്ച്
വിപ്ലവത്തിന്റെ ചുവന്ന പൂക്കൾ ചൂടിയ ഗുല്മോഹറിന്റെ താഴെ-
 ഒരു വിരഹത്തിന്റെ ഓർമക്കായി പകുതിയെരിഞ്ഞു മൃതപ്രാണനായി
തന്റെ അന്ത്യം കാത്തു കിടക്കുകയാണ് ആരുടെയൊക്കെയോ കാൽപ്പാട് പതിഞ്ഞൊരു ഹൃദയം.....

വിഭൂതി

ഇനി ഞാൻ അവളിലെന്നുന്മാദത്തെ തേടട്ടെ...
ഒരു വടക്കൻ കാറ്റാഞ്ഞു വീശട്ടെ...
തെക്കേത്തൊടിയിലെ ചെമ്പകം ഞെട്ടറ്റു വീഴട്ടെ...
മേഘക്കീറിൽ നിന്നൊരുതുള്ളി -
കണ്ണുനീരെന്റെ നെറ്റിയെ പൊള്ളിക്കട്ടെ...
ഹൃദയമിടിപ്പിൽ നിന്നൊരെണ്ണം താളം തെറ്റിയോടട്ടെ....
ആത്മാവെരിഞ്ഞു തീരട്ടെ...
മണ്ണ് തണുക്കട്ടെ...

നീയെന്നെ പ്രണയിക്കുന്നുണ്ടോ..?

ആന്റണിയുടെ വയലിനിൽ നിന്നും നിരാശഗാനം ഒഴുകി വരുന്നുണ്ട്...ജനുവരിയിലെ മഞ്ഞ്  ആ സന്ധ്യയെ പുതക്കാണെന്നവണ്ണം താഴേക്കിറങ്ങി വരുന്നു...ചെറിയ നനുത്ത കാറ്റടിക്കുന്നുണ്ട്...

ദൂരെ നിന്നും കറുത്ത ബ്ലൗസും ചുവന്ന സാരിയുമുടുത്തു ആ മഞ്ഞിനെ വകഞ്ഞു മാറ്റി വസന്തം കടന്നുവരുന്നുണ്ട്...

ഹൃദയമിടിപ്പ് കൂടുന്നു...നെറ്റിയിൽ വിയർപ്പുകണങ്ങൾ പൊടിയുന്നു...

ആ ഗുൽമോഹറിന്റെ ചുവട്ടിലെ ഒറ്റബെഞ്ചിലെ അയാളുടെ കണ്ണുകൾ അവളുടെ ആ മായാവലയത്തിൽ എപ്പോഴേ അകപ്പെട്ടു കഴിഞ്ഞിരുന്നു...
അവളുടെ ആ മുടിയിഴകൾ എത്ര കോതി വെച്ചാലും വീണ്ടും വീണ്ടും അനുസരണക്കേട് കാണിക്കുന്നുണ്ട്....
അവളുടെ കണ്ണുകൾ...അവളുടെ ആപ്പിൾ നിറമാർന്ന വിറക്കുന്ന ചുണ്ടുകൾ...മൂക്കിന്റെ തുമ്പിലെ വിയർപ്പുകണം...അവളുടെ ആ മണം!!
അവൻ കണ്ണുകളടച്ചു....

ആന്റണി പ്രണയഗാനം വായിക്കുന്നു...ഇളയരാജ മാജിക്കൽ!!

അവൻ കണ്ണുകൾ പതിയെ തുറന്നു...തൊട്ടുമുന്പിൽ അവൾ..
"ജോ..." വളരെ പതിയെ മൃദുലമായ് അവൾ വിളിച്ചു...
കണ്ണുകൾ ഇപ്പോഴും അവളുടെ മിഴിയിലെ കഥകൾ തേടുകയാണ്...

"ജോ.." അവൾ ഒന്നുകൂടി ശക്തിയായി അവന്റെ ചുമലുകളെ തട്ടി വിളിച്ചു...

"ഓ... സെലിൻ...നീ...നീ എപ്പോ വന്നു...?"
അവൻ അവന്റെ നിസ്സഹായാവസ്ഥ വെളിവാക്കി....
അവൾ പതിയെ മന്ദഹസിച്ചു...അവനരികിൽ ഇരുന്നു...
നിമിഷങ്ങൾ മൗനങ്ങളുമായി പ്രണയിച്ചു മരിച്ചു...
"ജോ... നീയെന്നെ പ്രണയിക്കുന്നുണ്ടോ...?"
വളരെ മൃദുലമായ് അവന്റെ മുഖം കൈകളിൽ കോരിയെടുത്തവൾ ചോദിച്ചു....

Monday, 11 February 2019

വിശപ്പിന്റെ വിപ്ലവം

ചുട്ടുപൊള്ളുന്ന.....
വരണ്ടുണങ്ങിയ.....
ഉറവ വറ്റിയ....
ഹൃദയ ധമനികൾക്കെന്നും
വിശപ്പുമാറ്റാൻ നൽകിയ
വിപ്ലവമായിരുന്നു
നീയെനിക്ക്!

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...