അങ്ങനെ....
കുഞ്ഞാപ്പൂൻ്റെ ഒരുവണ്ടിയിൽ ഞങ്ങള് രണ്ടാളും ആദ്യം ഇടംകാലിട്ടും പിന്നീട് തണ്ടിലിരുന്നും ഒരുവിധം *ചാക്കപ്പനെ വരുതിയിലാക്കിയെടുത്തു. സീറ്റിലിരുന്ന് ചവിട്ടാറായപ്പോഴേക്കും ഏഴാം ക്‌ളാസ്സിലേക്ക് സ്ഥാനക്കയറ്റം കിട്ടിയിരുന്നു.
"മതിയെടാ മക്കളേ...നിങ്ങളെ താങ്ങാനിനിയും ഈ സ്കൂളിന് കെൽപ്പില്ലെന്നും" പറഞ്ഞാണ് ടീസിയും തന്നിട്ട് കുറുപ്പ് മാഷ് അനുഗ്രഹിച്ചയച്ചത്.
ഏതായാലും മൂന്നാല് കിലോമീറ്റർ ദൂരത്തുള്ള ഹൈസ്കൂളിലേക്കാണ് ഞങ്ങളെ കൊണ്ടോയി കുടിയിരുത്തിയത് പിതാമഹന്മാർ.
അപ്പോഴേക്കും ആവശ്യത്തിന് തണ്ടും തടിയും കൈയ്യിലിരുപ്പുമെല്ലാം ഞങ്ങളോടൊപ്പം വളർന്നിരുന്ന കാരണവും വീട്ടാർക്ക് ആവശ്യത്തിലധികം മനഃസ്സമാധാനം ഞങ്ങള് നൽകിയിരുന്ന കാരണവും സ്കൂളിലേക്ക് രാവിലെയുള്ള *ജയകുമാറിൽ പോകണ്ടാന്നുള്ള ഓർഡർ താമസംവിനാ പതിച്ചു നൽകി.
അങ്ങനെ ഒരു കഠിനമായ തീരുമാനത്തിലെത്താൻ മറ്റൊരു വളരേ ചെറിയൊരു കാരണം കൂടിയുണ്ട്,
പണ്ടൊരിക്കെ ഈ ജയകുമാറിന്റെ പിന്നിലെ ഒരു ചില്ലില് മ്മടെ കുഞ്ഞാപ്പു ഒന്നുന്നം നോക്കിയാരുന്നേ...എന്താന്നുവെച്ചാല്, ഞങ്ങള് രണ്ടാളും പിന്നെ ചാക്കപ്പനും കൂടി കുഞ്ഞാപ്പൂന്റെ പ്രാവിൻ കുഞ്ഞിന് ഒരിണയെയും തപ്പിപ്പിടിച്ചു വാങ്ങി വരുന്ന വഴി ഇവര് ഹോണടിച്ച ഉടനെ വഴി മാറിയില്ലെന്നും പറഞ്ഞിട്ട് ഒരു വെട്ടിക്കലാണ് ബസ്... പോരാത്തേന് ഒരു പിതാമഹഃ സ്മരണയും..ദേ കിടക്കുന്നു ഞങ്ങള് രണ്ടാളും പാടത്തെ ചേറില് ...ചാക്കപ്പൻ വരമ്പിലും. കൈയ്യിലുണ്ടായിരുന്ന പ്രാവ് "സീസറിനുള്ളത് സീസറിന്" എന്ന് പറഞ്ഞപോലെ സ്വയംപര്യാപ്തത തേടിക്കൊണ്ട് ഒറ്റ പോക്കാണ്...കലി വരാതിരിക്കുമോ?
ഞാനിത് പറന്ന് പോകുന്നതും നോക്കി നിൽക്കുമ്പോഴുണ്ട് ഒരശരീരി കണക്കെ ചില്ലുടയുന്നതിന്റെയും ഇടിയൻ ചാക്കോ ഓരിയിടുന്നതിന്റേം ശബ്ദം ഒരുമിച്ചു വരുന്നു!!! *(മുകളിൽ പ്രസ്താവിച്ച മഹാനായ ഇടിയൻ ചാക്കോ ആകുന്നു ജയകുമാറിലെ കണ്ടക്ടറും സുപ്രസിദ്ധ ഗുണ്ടയും, 'അന്ന് കുപ്രസിദ്ധി ആയിട്ടില്ല വർദ്ധിച്ചു വരുന്ന ഘട്ടം ആണ്!')
പോരെ പൂരം, പിന്നെ ജയകുമാറിന്റെ അച്ഛൻ കം ഓണറും ആയിട്ടുള്ള കുട്ടികൃഷ്ണേട്ടനെ പിതാശ്രീമാർക്ക് അത്യാവശ്യം പരിചയമുള്ളതിനാലും റൂട്ടിലോടുന്ന ഏക ബസ്സെന്ന പരിഗണന നൽകിക്കൊണ്ടും പ്രശ്നം പൈസകൊടുത്തൊത്തുതീർപ്പായി... തടിക്ക് യാതൊരുടവും സംഭവിച്ചില്ലാന്ന്. എന്തായാലും കണ്ടാലൊരു *കിടങ്ങൂർ കണ്ടങ്കോരൻ ലുക്കുള്ള ചാക്കോയുടെ തിരുനെറ്റിയിലെ നാല് തുന്നലിന്റെ അവകാശി അന്നുമുതൽ കുഞ്ഞാപ്പു ആയിത്തീർന്നു...പിന്നീട് എപ്പോ കാണുമ്പോഴും മോനെ എന്നല്ലാതെ പാവപെട്ട ചാക്കോ അവനെ അഭിസംബോധന ചെയ്തിട്ടില്ല എന്നുള്ളത് എഴുതപ്പെട്ടിട്ടുള്ള നഗ്നസത്യം!!!
എന്തായാലും ഉത്തരവൊപ്പിട്ട് കൈപ്പറ്റിയ ഞങ്ങളുണ്ടോ കുലുങ്ങുന്നു അന്തിമ കോടതി വിധി വരാതെ..!
പിതാശ്രീമാർ നൽകിയ ഉത്തരവ് അമ്മമാര് ഒന്ന് അമ്മൻഡ് ചെയ്തു പുതിയ ഒരു ക്ലോസ് കൂടി എഴുതി ചേർത്തു..."പോവുന്നെങ്കിൽ രണ്ടാളും ഒരുമിച്ച് സൈക്കിളിൽ പോയാൽ മതി!" കോടതി വിധി!!!
മതി...സന്തോഷം!
അതോടുകൂടി ചാക്കപ്പനും ഞങ്ങളോടൊപ്പം സ്കൂളിൽ വരാൻ തുടങ്ങി.
ഇതിനിടയിൽക്കൂടി തെക്കേലെ കുമാരൻ, രവി, ചന്ദ്രൻ, വീരൻ എന്നീ ഘടാഘടിയന്മാരുമായുള്ള ചെറിയതോതിലുള്ള അഭ്യാസങ്ങളും നടന്നുപോകുന്നുണ്ടായിരുന്നു...നാട്ടിലെ ഇന്റർനാഷണൽ ഗ്രൗണ്ടായ 'കാഞ്ഞിരമൊന്ത' സ്റ്റേഡിയത്തിൽ വെച്ചായിരുന്നു അവയിലേറിയപങ്കും നടന്ന് പോന്നിരുന്നത്...
അങ്ങനെ കുഞ്ഞാപ്പൂൻ്റെ *ഒരുവണ്ടി നാട്ടിലെ താരമായി മാറിയിട്ടുണ്ടെന്ന് ഞങ്ങളറിയാൻ ലേശം വൈകി...ലേശം എന്നു പറഞ്ഞാൽ ഉസ്കൂൾ വിട്ട് വരുന്ന വഴി ഉള്ള കുട്ടാപ്പു ചേട്ടന്റെ പറമ്പിൽ മാങ്ങ എറിയാൻ പോയപ്പോ അവിട്ത്തെ കറുത്ത കുട്ടു ഞങ്ങളെ രണ്ടാളേയും ഉസൈൻ ബോൾട്ടിന്റെ റെക്കോർഡ് വെട്ടിപ്പിക്കാൻ വേണ്ടി ഓടിപ്പിച്ച ഓട്ടമത്സരത്തിന്റെ അത്രേം സമയം...അതിനിടയിലും കുട്ടാപ്പു ചേട്ടന്റെ ഇളയ സന്താനം കൈ കൊട്ടി ചിരിക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചിരുന്നു....
എന്തിന് പറയുന്നു വേലിയെല്ലാം എടുത്തു ചാടി സൈക്കിളും എടുത്ത് ഓരോട്ടമായിരുന്നു... അവസാനം പീതാംബരന്റെ വളവ് കഴിഞ്ഞപ്പോഴാണ് ലേശം ആശ്വാസമായത്...എന്നാലും ഒരു ധൈര്യത്തിന് ഇടക്കിടക്ക് തിരിഞ്ഞു നോക്കിയാണ് രണ്ടാളും സൈക്കിൾ ചവിട്ടിയത്...ചവിട്ടിയത് അവനാണെങ്കിലും!!!
ഇതിനിടയിൽ ഞങ്ങൾ മീരയുടെയും പാത്തുവിന്റെയും കൂട്ടത്തിനൊപ്പം എത്തിയിരുന്നു... മീരയാണ് ഞങ്ങൾക്ക് ആ നഗ്‌ന സത്യം മനസ്സിലാക്കി തന്നത്... ഞാനന്ന് നല്ല രീതിയിൽ സൈസ് ഉണ്ടായിരുന്ന കാരണം ഒരു തടിയൻ ഇമേജ് ണ്ടാർന്നു!!
"അയ്യേ.. കുഞ്ഞാപ്പൂ ദാ കുമാരൻ കാറ്റഴിച്ചു വിട്ട സൈക്കിളിൽ ആനക്കുട്ടിയേം ഇരുത്തി പോണേയ്.....പൂയ്..."
തീർന്നു...
തരുണികളും കൂട്ടത്തിലുള്ള അസിയും ഒരേ ചിരി.... എന്റെ ഗ്യാസ് തീർന്നു എന്നു പറഞ്ഞാൽ മതിയല്ലോ...
പക്ഷേ വണ്ടി നിർത്തി ഇറങ്ങിയ കുഞ്ഞാപ്പൂ പക്ഷേ കുമാരനെ മാത്രേ നോട് ചെയ്തിട്ടുണ്ടായിരുന്നുള്ളൂ എന്നുള്ളത്
കാഞ്ഞിരമൊന്തയിലെ വൈകീട്ടത്തെ ഫുട്ബോൾ കളിക്കിടയിൽ അവന്റെ കാല് ചവിട്ടി ഒടിച്ചപ്പോഴാണ് മനസ്സിലായത്....
അപ്പഴത്തെ ദേഷ്യത്തിൽ കുഞ്ഞാപ്പൂ വന്ന എല്ലാത്തിനേം എടുത്തിട്ട് നല്ല കാച്ചലായിരുന്നു.. തടിമിടുക്കിൽ അവൻ എന്നേക്കാൾ പിന്നോട്ടാണെങ്കിലും അടിമിടുക്കിൽ ലേശം മുന്നോട്ടായിരുന്നു... അങ്ങനെ ഞങ്ങള് രണ്ടാളും കൂടി അവിടുത്തെ കുമാരന്റെ ടീമിനെ മുഴോൻ അറഞ്ചം പുറഞ്ചം തല്ലി അവസാനം നാല് സൈക്കിളും അവൻ അവന്റെ അമ്മ കാണാതെ പൊക്കിക്കൊണ്ടുവന്ന മാങ്ങ പൂളണ കത്തിയോണ്ട് ടയർ എല്ലാം കുത്തിപ്പൊട്ടിക്കുക കൂടി ചെയ്തതോടെ എല്ലാം ശുഭം!.
*ജയകുമാർ എന്നുള്ളത് റൂട്ട് ബസ് ആണെന്ന് എല്ലാവർക്കും മനസ്സിലാകാതിരിക്കുവാൻ ഉള്ള കാര്യകാരണങ്ങൾ കാണാത്തതിനാൽ വിശദീകരിക്കുന്നില്ല!!
*ചാക്കപ്പൻ എന്നുള്ളത് കുഞ്ഞാപ്പു സ്നേഹം കൂടുമ്പോൾ സൈക്കിളിനെ വിളിക്കുന്ന നാമധേയം ആകുന്നു എന്ന് ഇതിനാൽ അറിയിച്ചു കൊള്ളുന്നു..
*കിടങ്ങൂർ കണ്ടങ്കോരൻ ന്നുള്ളത് ആജാനുബാഹുവായ തെക്കെങ്ങോ ഉള്ളൊരു കരിവീര കേസരിയായിരുന്നു ത്രേ!.
*ബാക്കി തോന്നുമ്പോ എഴുതും....