മൗനങ്ങളുടെ നേർത്ത ഇടവേളകളിൽ നമുക്കൊന്നു തിരികെ നടക്കാം....
നമ്മിടങ്ങളിലേക്കുള്ള ആ ഇടുങ്ങിയ
കൽപ്പടവുകൾ നമുക്കൊരുമിച്ചിറങ്ങാം....
അമ്പലക്കുളത്തിന്റെ ഇക്കരെയുള്ള-
മന്ദാരം പൂത്തു നിൽക്കുന്ന പടവിൽ
ഒരുമിച്ചിരിക്കാം....
കാലിൽ വന്ന് മുത്തിയിട്ടുപോയ കുഞ്ഞുമീനുകളെയെല്ലാം നമുക്ക് മറവിയാൽ മൂടാം....
സൂര്യനെ പ്രണയിക്കുന്ന ആമ്പലുകളുടെ
മൊട്ടിറുക്കാം....പൂക്കളെ ത്യജിക്കാം...
ചെങ്കല്ല് പടവുകളിൽ പടർന്ന നിന്റെ മഞ്ഞൾക്കുറികളെ നമുക്കൊരു കണ്ണീർ മഴയാൽ മായ്ക്കാം....
പകുത്തെടുത്ത ഹൃദയ പാതി ആ ജലത്തിൽ ഒഴുക്കാം....
ആ കുഞ്ഞോളങ്ങളിൽ നമുക്കലിഞ്ഞില്ലാതെയാവാം....
ഇനിയൊരു ഇടവപ്പാതി വരുമ്പോൾ മാത്രം
നമുക്ക് രണ്ടായൊഴുകി പിരിയാം...