Monday, 25 July 2022
അവളും ഞാനും.
ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ലോകത്തെ തമോഗർത്തവുമാകുന്നു...
ചിന്ത. ചിത.
ശരീരം നശ്വരമാണ്....
അനശ്വരമായുള്ളത് നമ്മുടെ കർമ്മ ഫലം മാത്രമാണ്...
ഭൂലോകത്തിൽ ജനനം ഉള്ളതിനെല്ലാം മരണവും ഉണ്ടാകുമെന്നറിയുക....
ഉടലിലുള്ള ഉയിരെന്നും ഉന്മാദിയെ തേടുമെന്നറിയുക....
ലോകത്തിന്റെ അവസാനവും ഒരിക്കൽ ഉണ്ടാകും....നക്ഷത്രങ്ങൾ തമോഗർത്തങ്ങളും ആയി മാറും.
....കാറ്റിനും കടലിനും മാത്രമായി ഈ മണ്ണ് കാത്തിരിക്കുമെന്നും...അറിയുക...
കടലിൽ വീണ് മരിക്കുന്ന സ്വപ്‍നങ്ങളുടെ ആത്മാവ് കാറ്റിന് സ്വന്തമാകുന്നുവെന്നും ഓർക്കുക....
ഉന്മാദികളെ തേടുന്നവർ ഉറങ്ങുകയായിരുന്നെന്നും മനസ്സിലാക്കുക....
അവളെ ഞാൻ വീണ്ടും കാണുമോ...?
സൂര്യൻ പടിഞ്ഞാറ് ചായുന്നതും ചുറ്റും ഇരുൾമൂടുന്നതും ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പെറ്റ് കൂട്ടുന്നതും അയാൾ അറിഞ്ഞതേയില്ല...
കുന്നിന്റെ ഉച്ചിയിലെ-
പ്പാറയിൽ നീണ്ട് നിവർന്ന് കിടന്നയാൾ അവളെ ഓർത്തു...
അവളുടെ എത്ര എഴുതിയാലും ശരിയാവാത്ത ആ മഷി പടർന്ന കണ്ണുകൾ അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി കൊണ്ടിരുന്നു...
അവസാനം കണ്ടപ്പോ ആ കണ്ണുകളിൽ ഒരു അപേക്ഷ ഉണ്ടായിരുന്നോ ഒന്ന് രക്ഷിക്കാൻ പറഞ്ഞിരുന്നോ അവ...
അദൃശ്യമായ ചങ്ങലകൾ അറുത്തു മാറ്റുവാൻ കേണിരുന്നുവോ...?
കാഴ്ചകൾ കലങ്ങി മറിയുന്നു...
ഉപ്പ് രുചിക്കുന്നു...
പരാജിതന്റെ പ്രണയമേ നിന്നെ ഞാനെന്റെ ഹൃദയത്തിലടക്കുന്നു...
നിനക്കൊരു മോചനമില്ലാതെ...
യാചകന്റെ കീറിയ പോക്കറ്റ് പോലെ അവളെ ഒന്ന് കൂടെ വിളിക്കാൻ പോലും അശക്തനായി തിരിഞ്ഞു നടക്കുമ്പോൾ അവൾ കൊതിച്ചിട്ടുണ്ടാകുമോ ഒന്ന് തിരികെ വിളിക്കാൻ....?
അശക്തനും പരാശ്രയനും തീർത്തും ദരിദ്രനുമായ എന്നെയോർത്തെനിക്കപ്പോൾ പശ്ചാത്താപം തോന്നി...
നിശബ്ദം നടന്ന് കയറിയ കുന്നിന്റെ ഉച്ചിയിൽ സൂര്യൻ കത്തുന്നുണ്ടായിരുന്നു....
വിശപ്പ് അതിലും ആഴത്തിൽ കരിച്ചു കളഞ്ഞ കുടലുകളിൽ കെടാത്ത തീ ഉടലാകെ പടർന്ന് പിടിക്കുന്നത് സൂര്യൻ തെല്ലസൂയയോടെ കണ്ടു...
പാറയുടെ ഊഷ്മളതയിൽ ലെയിച്ചെത്രനേരം....
ഇരുട്ട് കണ്ണുകളിൽ തുളച്ചു കയറുന്നു...ഒരു ട്രപ്പീസ് കളിക്കാരന്റെ മികവോടെ എന്നെ എടുത്തെറിയുന്നു...
പൗർണമി ആണോ ഇന്ന്...
ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്നു...
ചന്ദ്രൻ മുഴുവട്ടത്തിൽ പ്രകാശം പൊഴിക്കുന്നു...കുന്നാകെ തിളങ്ങുന്നു....ചുറ്റു നിന്നും മിന്നാമിന്നികൾ സ്വപ്നങ്ങളെ തേടി പോകുന്നു....അപാരമായ വെളിച്ചമേ...നാളെ പുലരിയുണ്ടാകുമോ...???
അവളെ ഞാൻ വീണ്ടും കാണുമോ??
ചൂട്ട്!
വളഞ്ഞുപുളഞ്ഞു പോകുന്ന ചേരിയുടെ ഇടയിലൂടെയുള്ള പാതയിൽ വെച്ചവർ കണ്ടുമുട്ടി....
ആദ്യം കണ്ടപോലെ തന്നെ അവർ വീണ്ടും അപരിചിതത്വത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നു....
വഴിതെറ്റി നടക്കുന്ന ഏകാന്ത പഥികന്റെ മുൻപിലേക്ക് ചൂട്ടുമായി വന്ന യക്ഷിയെപ്പോലെ ആ രാത്രിയിൽ അവള് തിളങ്ങി നിന്നു...
കണ്ണുകളിൽ ഒരുമഴക്കാലം കാത്തു കിടക്കുന്നു....
അയാളവളെ ഒന്നുകൂടി നോക്കി മനസ്സിൽ പുൽകി മിണ്ടാതെ തിരിഞ്ഞുനോക്കാതെ നടന്നു....എത്രനടന്നാലും വഴി തെറ്റി വീണ്ടും അവളുടെ ചൂട്ടും തേടി എത്തും എന്നറിഞ്ഞിട്ടും....
അകന്നുപോകുന്ന മുഷിഞ്ഞ വസ്ത്രധാരിയെ നനക്കാണെന്നോണം
ആർത്തുപെയ്ത ഇടവപ്പാതിയിൽ ആ ചൂട്ട് കെട്ടിരുന്നകാര്യം അയാളറിഞ്ഞിരുന്നില്ല.
Subscribe to:
Posts (Atom)
അവളും ഞാനും.
ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...
-
അങ്ങനെ.... കുഞ്ഞാപ്പൂൻ്റെ ഒരുവണ്ടിയിൽ ഞങ്ങള് രണ്ടാളും ആദ്യം ഇടംകാലിട്ടും പിന്നീട് തണ്ടിലിരുന്നും ഒരുവിധം *ചാക്കപ്പനെ വരുതിയിലാക്കിയെടുത്തു...
-
നീ... കടലാഴം... മോഹങ്ങളുടെ ചുടുനീരാറ്റിയ കുരുതിക്കളം... സ്വപ്നങ്ങളുടെ ആകാശം... നിശ്വാസങ്ങളുടെ ശിശിരം... അവസാനിക്കാത്ത പ്രകാശം... ഞാൻ കര... ക...