Monday, 14 November 2016

മനോമി!


എന്റെ മനോമിക്ക് ,
                           കാത്തിരുപ്പാണിപ്പോഴും....അവസാനിക്കാത്ത കാത്തിരുപ്പ് ! മനസ്സിന്റെ അകത്തളങ്ങളിലെവിടെയോ നിന്റെ കൊലുസ് ഇപ്പോളും കിലുങ്ങുന്നുണ്ട്... പുറത്തു മഞ്ഞുപെയ്യുന്നുണ്ട്... ഈ വൃശ്ചികരാവിൽ എന്നെ കുളിരണിയിക്കുന്നത്‌ നിന്റെ ഓർമ്മകൾ മാത്രമാണ്....അതുമാത്രമാണ് !!!
ഇനിയൊരു പുലരിയുണ്ടാകുമോ ? അറിയില്ല കാത്തിരുപ്പുകളൊന്നും അവസാനിക്കുന്നില്ലല്ലോ !!!

Monday, 5 September 2016

സമയം !!!


                 അന്നും പതിവുപോലെ മന്ദാരത്തിന്റെ ഇലകൾ പൊഴിഞ്ഞു വീണിരുന്നു.....
പതിവുപോലെതന്നെ അയാൾ ഏകനായിരുന്നു.....
ഇലകൾ മെത്തവിരിച്ച ആ പുൽത്തകിടിയിൽ നിന്നും നോക്കിയാൽ കായലിനക്കരെയുള്ള ടാറിട്ട റോഡിലൂടെ വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്നത് കാണാം ....പണ്ടവിടെയൊരു ചെട്ടിയാരായിരുന്നു , കായലിനക്കരെ .... ചെട്ടിയാരുടെ വീടിരുന്നിടം ആണ് ഇന്ന് ആ റോഡിൻറെ സൈഡിൽ നിൽക്കുന്ന സിഗ്നൽ! കാലം മാറിയിരിക്കുന്നു ചെട്ടിയാരുടെ കണ്ണീരിൽ കുതിര്ന്നാണ് ഇന്നാ സിഗ്നൽ നിൽക്കുന്നത് .... പഞ്ചായത്തുകാര് വന്നു കുടിയൊഴിപ്പിച്ചതിനുശേഷം ചെട്ടിയാരെ ആരും കണ്ടിട്ടില്ല.... അല്ലെങ്കിലും കുറച്ചുകാലം കഴിഞ്ഞാൽ എല്ലാ ഓർമകളും മറവിക്കുള്ള ആഹാരമാണല്ലോ !!!
കാലം മാറുകയാണ് ......
 അതെ ... കാലം മാറുകയാണ്...., പഞ്ചായത്തു മാറി മുനിസിപ്പാലിറ്റി ആയി .... ചെട്ടിയാരുടെ വീടിരുന്നിടം പിളർന്നുകൊണ്ട് ഹൈവേ പാഞ്ഞുപോകുന്നു!!! ..ആർക്കും സമയമില്ലത്രേ .... അല്ല ഏറ്റവും വിലപിടിപ്പുള്ളതും സമയമാണല്ലോ .....!!!
കാലം മാറുകയാണ് ....അതെ , കാലം മാറുകയാണ് !!!
അങ്ങനെ ഈ രാത്രിയും അവസാനിക്കുകയാണ് ....പ്രിയ തോഴീ നീയിനിയും ഉറങ്ങിക്കൊൾക ....നിനക്കു കാവലായ് ഞാനുണ്ട്..... എന്റെ സമയമാകുന്നവരെ......!!!

Saturday, 9 July 2016

തലവര

തലവര തെളിയാത്ത കുട്ടികൾ..! വിദ്യാഭ്യാസമുണ്ടായിട്ടും വാണിജ്യപരമായ അഭ്യാസങ്ങളന്യമായിരുന്നവർ, കാറും കോളും മഴയും ആസ്വദിച്ചിരുന്നവർ, വസന്തത്തെ ആത്മഹർഷമായി ആരാധിച്ചിരുന്നവർ, വേലയും പൂരവും സ്പന്ദനമായവർ, ബാല്യത്തിലെ പഞ്ചാര മിഠായി നാവിലുറങ്ങുന്നവർ,  ഇന്നലെകളെ മറക്കാത്തവർ, ചോരയിൽ വിപ്ലവം കലർന്നവർ, യുവത്വം നിറഞ്ഞു തുളുമ്പുന്നവർ, ആത്മാവ് അശുദ്ധമാവാത്തവർ...ചീഞ്ഞുനാറുന്ന പുതിയ ലോകത്തിലേക്കറും കാത്തിരിക്കുന്നവർ ...!!!

Monday, 23 May 2016

തിര ......


       അവളുടെ ഈ നാണിച്ചുകൂമ്പിയ മിഴിയിണകൾ  ... ഇടവപ്പാതിയിലും വസന്തം വിടർന്നപോലെ ..!
           മൌനം വാക്കുകളെന്തോ തേടുമ്പോൾ ...അവനവളെ വാരിയടുപ്പിച്ച് അധരങ്ങൾ കവർന്നു ..!!!
അവളാകെ കോരിത്തരിച്ചു നിന്നു ...
 അതുകണ്ട് നാണിച്ച് കത്തിജ്വലിച്ച് നിന്നിരുന്ന സൂര്യൻ മേഘക്കീറുകൾക്കിടയിൽ മുഖമൊളിപ്പിച്ചു ....
കരിയിലക്കിളികൾ ഇണകളെതേടിപ്പോയ് ...
ഒരു കാക്കക്കുയിൽ കുരവയിട്ടു ...!
കാക്കത്തമ്പുരാട്ടി നീണ്ടവാലുകൊണ്ട് മുഖം മറച്ചു ...!
ഓലേഞ്ഞാലി താണിരുന്നു ഇടം കണ്ണിട്ടു ....
അണ്ണാരക്കണ്ണൻ കണ്ണുപൊത്തി ..!
   ഏതോ മേഘക്കീറുകൾക്കിടയിൽനിന്നുമൂർന്നുവീണ ബാഷ്പകണം അവരുടെ കവിളിനകളെ തഴുകി.......
           അവൻ വീണ്ടും ചോദിച്ചു : ...
                                                      " എന്നെ മറക്കുമോ പൊന്നേ ...?! "
അവൾ അറിയാതെ അവന്റെ ഇടനെഞ്ചിലേക്ക് ചാഞ്ഞു ..............





കടപ്പാട് : ഏതോ അജ്ഞാതന് !!!

ഭ്രാന്തന്റെ കാഴ്ച !


              ഇരുട്ടു മുറിയിലെ അവ്യക്തമായ നിഴലുകളിൽനിന്നും കർണപടത്തെ തേടിവരുന്ന അജ്ഞാതമായ ഞരക്കങ്ങളിൽനിന്നും വേട്ടപ്പട്ടികളുടെ കുരച്ചിലുകൾക്കിടയിൽനിന്നും എന്നാണിനിയൊരു മടക്കയാത്ര ...? തുടക്കവുമൊടുക്കവുമറിയാത്ത വേലിയേറ്റങ്ങളിൽനിന്നും ഒരു മോചനം ...? മടിക്കുത്തിലെ കാശിന് വിയർപ്പിന്റെ ഗന്ധമില്ലാതായെന്നോ ...?

Saturday, 7 May 2016

തീണ്ടാ ദൂരം ...

.
                      
                              വെയിലിന്റെ തീക്ഷ്ണത കൂടുന്നുണ്ട് , റോഡില് കരിമ്പടം തീർത്ത് വാഹനങ്ങളുടെ നീണ്ടനിര !.. വെയിലിൽനിന്നു രക്ഷപ്പെടാൻ കൈയിൽ കിട്ടിയത് ഇന്നത്തെ ദിനപ്പത്രമാണ് .. വഴിയില്നിന്നും വാങ്ങിയതെത്ര നന്നായി !!!ഹാ ...ഇതിനു ഇങ്ങനെയെങ്കിലും ഉപകാരമുണ്ടെന്നാശ്വസിച്ചു .
ഇന്നും അവൾക്കൊരു പൊതിച്ചോറു വാങ്ങിക്കൊടുക്കണം ...പാതയോരത്തെ പൂ വില്പ്പനക്കാരിക്കുട്ട്യാണ് ...പണ്ടെങ്ങോ നാടുവിട്ടിവിടെ വന്ന ഏതോ തമിഴ് നാടോടികളുടെ ആവാനേ തരമുള്ളൂ ...പത്തു വയസ്സില് താഴെയാണ് ചിരികണ്ടാല് തന്റെ മകളെന്നെ ...
ചിന്തകള് തലച്ചോറിൽനിന്നും ഉത്ഭവിക്കുന്നതിനു മുന്നേ ആരുടെയോ കൈപ്പടം മുഖത്തെ  ആട്ടിക്കളഞ്ഞു ...ഉച്ചവെയിൽ മൂത്തുനില്ക്കുന്ന റോഡരികിൽ നിന്നും കുറേ നിഴലുകൾ പാഞ്ഞുവരുന്നു ...." ഇവനാണ് അവളെ ..." "മകളുടെ പ്രായമല്ലേടോ .." ആക്രോശങ്ങൾ നീണ്ടുപോകുന്നു ....
പാതയോരത്തെ അഴുക്കുചാലില്കിടന്നു അവൾ വീണ്ടും പുഞ്ചിരിക്കുന്നു ....!!!

Monday, 2 May 2016

ആത്മാഹൂതി ...


                                 
                                 "മാഷ്‌ വന്നിട്ട് കുറേനേരായോ ?..." അവളുടെ ചോദ്യമാണ് മിഥ്യയിലേക്കെന്നെ തിരികെ കൊണ്ടുവന്നത്.... സ്വന്തമായി ഓർമകളെങ്കിലും ഉണ്ടെന്നാശ്വസിക്കാം ...!!! "ഇല്ല്യാ .... കുറച്ചേരായെ ള്ളൂ... തണല് കണ്ടപ്പോള് ഇവിടിരുന്നൂന്നു മാത്രം ...!" അക്ഷരങ്ങൾ കാതുകൾ തേടിപ്പോകുമ്പോഴും കണ്ണുകൾ അവളുടെ നെറുകയിലെ നരയിൽ എൻറെ യൌവ്വനത്തെ തേടുകയായിരുന്നു. വർഷങ്ങൾ പിറകിലെ ഓർമകളിലെവിടെയോ ഉള്ള മാഷിന്റെ ലച്ചൂനെ അയാൾക്ക് ഇനിയും കണ്ടെത്താനായിട്ടില്ല...
             രണ്ടാളുടെയും വാക്കുകൾ ഔപചാരികതയുടെ മുഖംമൂടി അണിഞ്ഞിരിക്കുന്നു ...വാക്കുകൾ ഗതികിട്ടാത്ത ആത്മാവുപോൽ ശൂന്യതയിൽ അലയുകയാണ് .... കാറ്റിന്റെ വികൃതിയിൽ നെറ്റിയിലേക്കുവീണ നരകയറുന്ന മുടിയിഴകൾ അവൾ ഇടതുകൈകൊണ്ട് കോതിയൊതുക്കുന്നുണ്ട് ...., പണ്ടത്തേതിൽനിന്നും മാറ്റമില്ലാതെയായ് തോന്നിയതതുമാത്രമാണ് ....
യൌവ്വനത്തിൽ വിധവയായ അവൾ വാർദ്ധക്യത്തിന്റെ കരിമ്പടം പുതയ്ക്കാൻ വ്യർത്ഥമായ് ശ്രമിക്കുകയാണ് ..... താനിത്രനാളും കാത്തുവെച്ച ഹൃദയം മിടിക്കുന്നതവൾക്ക് കേൾക്കുന്നുണ്ടാകുമോ ....?

Monday, 11 April 2016

സ്വപ്നങ്ങളിടനിലം !


             അവളെറിഞ്ഞുടച്ചുപോയ സ്വപ്നങ്ങളുടെ ഇടയില് നിന്നും പൊഴിഞ്ഞുവീണ അക്ഷരങ്ങൾ കോർത്തിണക്കുകയായിരുന്നു ഞാനപ്പോഴും ...,
അവൾ പുതിയൊരു സ്വപ്നത്തിലേക്ക് വഴുതിവീണതറിയാതെ !

തുടക്കം


        'ഞാൻ' ഇന്നെന്തോ ഒറ്റക്കായതുപോലെ .... തിരിച്ചറിയാനാവാത്ത എന്തോ ഒരു ഒരു അപരിചിതത്വം ... ഇന്ന്' ഇന്നെന്തിന്റെയോ അവസാനിക്കാത്ത അവസാനമാണോ അതോ തുടക്കമില്ലാത്ത എന്തോ ഒന്നിന്റെ തുടക്കമാണോ ?
ചുറ്റിനുമുള്ള ഇരുട്ടിന് കനംകൂടി വരുന്നുണ്ട് ... ആരൊക്കെയോ ആർത്തട്ടഹസിക്കുന്നത് മാത്രം എന്നെ തേടിവരുന്നു... ശ്വാസനിശ്വാസത്തിനിടയിൽ ഞാൻ ജീവിക്കാൻ മറക്കുകയാണോ ....? ഇനിയെന്തെന്നുള്ള ചോദ്യമാണ് ഓരോ പുലരിയും ... തുടക്കവും ഒടുക്കവും ഒരേ ചോദ്യത്തിൽ അവസാനിക്കുന്നു. സൂര്യൻ ഉച്ചസ്ഥായില് ഉദിച്ചുനിൽക്കുമ്പോൾ മാത്രം അവളൊരു മഴയായ് പെയ്തിരുന്നെങ്കിൽ എന്നാശിച്ചുപോകുന്നു....
ചിലപ്പോഴെല്ലാം പകലിനു നീളം കൂടുതലാണ് ചിലപ്പോഴെല്ലാം രാത്രിക്കും !ഒന്നാലോചിച്ചാൽ പകലാണ്‌ നല്ലത്, പകല് ഓർമ്മകൾ ഉറങ്ങുകയാണല്ലോ .....!
രാത്രികൾ ഇനിയും പുലരും ചോദ്യങ്ങൾ ഇനിയും ബാക്കിയാകുന്നു ...........

Wednesday, 10 February 2016

ഒറ്റമൂലി



         പനിവന്നാൽ ചുമവന്നാൽ എന്തുവന്നാലും ഏതുവന്നാലും പണ്ടെല്ലാം ഒരൊറ്റമൂലിയാണ്, "ഒറ്റമൂലി" പദങ്ങൾ കൊണ്ട് കെട്ടിയുണ്ടാക്കിയ നാലക്ഷരങ്ങൾക്ക്‌ വൈദ്യരുടെ കൈപ്പുണ്ണ്യത്തിന്റെ രുചിയായിരുന്നു .... 

പ്രയാണം

പ്രയാണം....

         പാതകൾ യാത്രകൾ .....ജനിമൃതി തേടിയുള്ള തീരാത്ത പ്രയാണം ...
ആരൊക്കെയോ വെട്ടിത്തെളിച്ച പാതകളിൽക്കൂടിയുള്ള സഞ്ചാരമാണ് കാലമേ കാത്തിരിക്കുക ഭൂമിയുടെ മാറിനിയും പിളർന്നേക്കാം .................

ശൂന്യം

ശൂന്യം...

                  ഈ രാത്രിയെപ്പോലെ എന്റെ മനസ്സും ശൂന്യമാണ് അന്ധകാരമാണ് ! അങ്ങിങ്ങായി നക്ഷത്രങ്ങൾ പോലെ മോഹങ്ങളും സ്വപ്നങ്ങളും. ഇനിയുമൊരു പുലരി വിടർന്നേക്കാം.....നടക്കാനുണ്ട് ദൂരമിനിയും തിരികെയെന്ന വാക്കിനുത്ഭവം വരെ....!

നിഴലുകൾ

നിഴലുകൾ അനങ്ങുന്നുണ്ട് ......!

      നിഴലുകൾ അനങ്ങുന്നുണ്ടോ? അയാള് സൂക്ഷിച്ചുനോക്കി... ഉണ്ട്!,തൻറെ പിന്നിൽ കുറേ പ്രതീഷകളുടെ ഭാണ്ഡവും പേറി നിഴലുകൾ അനങ്ങുന്നു. രാത്രിയുടെ യാമങ്ങളെ തഴുകിയുണർത്തുന്ന ഹാലൊജെൻ ലൈറ്റിൻറെ പ്രകാശത്തിൽ അയാള് കണ്ടു നിഴലുകൾ അനങ്ങുന്നുണ്ട് ,ആത്മാക്കൾക്കും നിഴലുകളുണ്ട് !!!

Wednesday, 3 February 2016

മറുപടി

മറുപടി .....

      അടങ്ങാത്ത കാത്തിരിപ്പാണ് ഓരോ പുലരിയും, നിന്റെ മറുപടിക്കായുള്ള കാത്തിരിപ്പ് ..! 
      ഇവിടെയിപ്പോൾ മഴയാണ്, എന്റെ മനസ്സറിഞ്ഞതുകൊണ്ടോ എന്തോ മഴ നിർത്താതെ പെയ്തുകൊണ്ടേയിരിക്കുന്നുണ്ട്....എന്നിരുന്നാലും തുലാവർഷത്തിന്റെ ആ എടുപ്പ് പോയിരിക്കുന്നു. 
      വൈകുന്നേരങ്ങളിലെ ഇടിവെട്ടോടുകൂടിയ മഴത്തുള്ളികളുടെ മർമരമാണ് എനിക്കിവിടെ കൂട്ട്.!കംബിളിപ്പുതപ്പിനടിയിൽ നിന്റെ ഓർമകളുടെ ചുടുനിശ്വാസത്തിലാണ് എന്നും ഞാൻ നിദ്രയെ പുൽകുന്നത് !!!
      ഒരു തെമ്മാടിക്കാറ്റെന്റെ ജനലിലൂടെ ഈറൻ നനഞ്ഞ് വരുന്നുണ്ട് , എന്നാലും എനിക്കിഷ്ടമാണ് ആ ചെറിയ കുളിർമ പുതക്കാൻ ....
      വാക്കുകൾ വളരെ പിന്നോട്ട് പോകുന്നപോലെ തോന്നുന്നു .... നിന്റെ മറുപടിക്കായുള്ള കാത്തിരുപ്പ് തുടരുന്നു...മഴ പെയ്തുകൊണ്ടേയിരിക്കുന്നു !!!
മുറ്റത്തെ ചെമ്പകം നിന്റെ വരവും കാത്തിരിക്കുന്നു .......

Friday, 1 January 2016

സ്വപ്‌നം

കാറ്റിലെ ഒരപ്പൂപ്പൻ താടി പോലെയാകണം ....ആർക്കും പിടികൊടുക്കാതെ കാറ്റിലലിഞ്ഞ് , ആകാശത്തിലൂടെ പാറിപ്പറന്ന് ,മോഹങ്ങളുടെ വിരൽത്തുമ്പ് ചുംബിച്ച് ....അങ്ങനെ അങ്ങനെ പാറിപ്പറക്കണം !!! എന്നിരുന്നാലും ഒരിക്കലെൻ ജനിമൃതി തേടണമല്ലോ .....................

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...