Saturday, 28 November 2020

ബലി

എത്രകവിതകളാണ് നിനക്കായ് ഞാൻ ബലിയർപ്പിച്ചത്...
ഹൃദയം നുറുങ്ങുന്ന തീരാ വേദനയിൽ ഓരോന്നിനേയും കഴുത്തറുത്തു കൊന്നിട്ടും..
ജീവശ്വാസം കിട്ടാതെ പിടഞ്ഞു മരിക്കുന്ന കവിതകളെ നോക്കി-
യവയുടെ ചുടുരക്തത്തിനാൽ നിന്റെ ഓർമ്മകളെയൂട്ടിയിട്ടും...
ഉഷ്ണക്കാറ്റാഞ്ഞു വീശുന്ന തരിശുനിലങ്ങളെ എന്റെ വിരക്തിയാൽ പുണർന്നിട്ടും...
വിരഹതാപത്തിനാൽ വറ്റിയ നദിയെ കണ്ണീരിനാൽ പുനർജ്ജനിപ്പിച്ചിട്ടും...
ഓരോ പുലരിയിലും നിന്നെ തിരഞ്ഞിറങ്ങിയിട്ടും...
ഇന്നും നീ പ്രത്യക്ഷമാവാത്തതെന്തേ എൻ പ്രണയമേ...

നീയും ഞാനും

നമുക്ക് പ്രണയിക്കാം...
ഇടവപ്പാതി പോലെ ഇടമുറിയാതൊഴുകാം...
നിന്റെ ഋതുക്കളിൽ നമുക്ക് ചുവന്ന് പൂക്കാം...
ദൂരങ്ങളിൽ നമുക്ക് സ്വപ്നകൊട്ടാരങ്ങൾ പണിയാം...
ലോകമറിയാതെ നമുക്ക് പ്രണയിക്കാം...
നീയും ഞാനും മാത്രമുള്ളൊരു ലോകത്ത് നമുക്ക് കൈകോർത്തു നടക്കാം...

 പകലവസാനിക്കുമ്പോൾ നിന്റെ ദേഹസുഗന്ധം എന്നെ പൊതിയണം
നിന്റെ ശ്വേതകണം രുചിക്കണം...
ചുണ്ടിലെ മധുരം നുകരണം-
ജീവശ്വാസം തേടണം...
നിന്റെ മാറിലെ വസന്തത്തിനെ ചുംബിച്ചുണർത്തണം...
നാഭിയിലാഴമളക്കണം...
നിന്റെ നിറങ്ങൾ പൂക്കുമ്പോൾ ഞാനതിലലിയണം
അവസാനം...ഒരേ പുതപ്പിൽ ഒരേ താപത്തിൽ
ഒരിറ്റിടമില്ലാതെ ഹൃദയതാളം താരാട്ടാവണം...
ഒടുവിലൊരു ചുംബനത്തിലൊരുമിച്ചണയണം.

നീയില്ലായ്മ

നീയില്ലായ്മ വിരക്തിയാണ്....
ആയിരം നക്ഷത്രങ്ങൾ പൂത്തരാത്രിയിലും കുളിരുകോരുന്ന മകരമഞ്ഞാണ്...
നീയില്ലായ്മ ഇടവപ്പാതിയിലെ ഇടിയില്ലാത്ത മഴയാണ്...
നിന്നെയോർക്കുമ്പോൾ പുതുമഴ നനഞ്ഞ മണ്ണ് പോലെ എന്റെ മനസ്സും നിറയുന്നു...
നിന്നെ മറക്കുകയെന്നാൽ ചന്ദ്രനില്ലാത്ത ആകാശം പോലെ വിചനമാണ് ഇരുളാണ്!!!

തുടക്കവുമൊടുക്കവും

ഒരു നിദ്രയുടെ തുടക്കത്തിൽ,
ഒരു ഭ്രാന്തിന്റെ ഇടവേളയിൽ,
ഒരു സ്വപ്‌നത്തിന്റെ മൃത്യുവിൽ,
ആയിരം നക്ഷത്ര സ്ഖലനങ്ങളുടെ നിമിഷാർദ്ധങ്ങളിൽ,
ജനിമൃതി തേടിയുള്ള ഓരോ യാത്രകളുടെ എല്ലാ അവസാനങ്ങളും നിന്നിൽത്തട്ടി
നിൽക്കുന്നു...
സൂര്യൻ വീണ്ടുമുദിക്കുന്നു!!!

പുതിയ പുലരി

ഇപ്പൊ മരിക്കുന്നതിനെ കുറിച്ചൊന്നാലോചിച്ചു നോക്കൂ...
ഈ പെയ്യുന്ന മഴയിൽ നമ്മുടെ സ്വപ്നങ്ങളെ ഒഴുക്കിവിട്ട്...
കണ്ഠനാളത്തിൽ നിന്നുയർന്നുവരുന്ന അവസാന തേങ്ങലിനെ 
ഈ മഴയുടെ ഹുങ്കാരത്തിൽ അലയാൻ വിട്ട്...
രക്തം തണുത്തുറഞ്ഞ-
വസാന ചലനവുമറ്റ്...
ഒരറ്റത്ത് പ്രതീക്ഷകളെയും സ്വപ്നങ്ങളെയും കോർത്ത്  മച്ചിൽ കെട്ടി...
പ്രീയപ്പെട്ടവരില്ലാത്ത പുതിയ ആകാശം തേടി...
പിന്നെയൊന്ന് വെളുത്തിരുട്ടുമ്പോൾ ഒരു നക്ഷത്രംകൂടി ജന്മം കൊള്ളുന്നു...

Thursday, 17 September 2020

ഇതിനപ്പുറം

ഇതിനപ്പുറം മരണമാണ്.....
വിശന്ന് പിടഞ്ഞു മരിച്ച സ്വപ്നങ്ങളുടെ അതിർത്തിയാണിത്...
പ്രണയം കാതങ്ങൾ കാൽനട താണ്ടി ചോര ചിന്തിയ തരിശ് നിലമാണ്....
ജീവിക്കാൻ മറന്നവരുടെ നിശ്വാസങ്ങൾ ഉയരുന്നിടമാണ്....
ഓർമകളെ തൂക്കിലേറ്റിക്കൊല്ലുന്ന ഓർമ്മകളെ കാത്തിരിക്കുന്ന വിരക്തിയുടെ കഴുകന്മാരുണ്ടിവിടെ...
ഉച്ചവെയിലിൽ വെന്തുരുകുന്ന ചിന്തകളുടെ ഭ്രൂണമുണ്ട്....
ശവംനാറിപ്പൂക്കൾക്ക് വളമാകാൻ ചാപിള്ളകളുണ്ട്....
ഇനിയൊരു വസന്തത്തിൽ കിനിയാൻ കാത്തിരിക്കുന്ന മുലപ്പാല് വറ്റാത്ത ഇറച്ചികഷ്ണങ്ങൾ ഉണ്ട് ഇവിടെ.....
ഇതിന്നുമപ്പുറം മരണമാണ്.....
അവസാനമാണ്!!!
തികച്ചും അത്യാസന്നമായൊരു നിലയിലാണ് ഒരു ഹൃദയമുള്ളത്...
വരിഞ്ഞുകെട്ടിയ ചങ്ങലകളിലെ തുരുമ്പ്-
മുറിവുണങ്ങാത്ത ചാലുകളിൽ കുത്തിയിറങ്ങി-
വേദനയെ പുൽകുന്നുണ്ട്....

ആരാച്ചാർ

നിന്റെ സ്വപ്നങ്ങളുടെ ഭ്രൂണങ്ങൾ ചാപിള്ളകളായ് പിറക്കുന്നു...
എന്റെ ലോകം വീണ്ടുമൊരു നക്ഷത്രകാതമകലെയാകുന്നു...
നിന്റെ നിശ്വാസങ്ങൾ ഇരുട്ടിൽ കാതറിയാതെ ഒഴുക്കിയകലുന്നു...
ഞാനൊരു ദുഃസ്വപ്നത്തിൽ നിനക്ക് മോക്ഷമേകുന്നു...
നിന്റെ പുഞ്ചിരികൾ ചോര തുപ്പുന്നു...
ഞാനൊരു ആരാച്ചാരാകുന്നു-
നീന്റെ കഴുത്തിൽ ഞാൻ കയറുകെട്ടുന്നു.

പലകുറി മരിക്കുന്നവർ

നാം പലകുറി മരിക്കുന്നതവരറിയുന്നില്ല...
ഉണങ്ങാത്ത മുറിവവർ കാണുന്നില്ല...
മുറിവേറ്റ് ചോര തുപ്പുന്ന ഹൃദയമിടിപ്പവർ കേൾക്കുന്നില്ല...
ഇനിയുമൊടുങ്ങാത്ത വിരഹത്തീ-
യവശേഷിപ്പിച്ച കനലുകൾ നീറുന്നതവർക്കറിയേണ്ട...
വിരക്തിയുടെ ആഴങ്ങളിൽ മുങ്ങിപ്പോകുമ്പോൾ രക്ഷക്കായ് ഉയർത്തിയ കൈകൾ അവർക്ക് ബോധിയുടെ ചിഹ്നങ്ങളാണ്...
വിഷാദ മേഘം ഇടക്കിടെ പെയ്യുന്നതവർ 
ഭ്രാന്തിന്റെ ജല്പനങ്ങളായ് വ്യാഖ്യാനിച്ചു.
അവസാനമവനൊരു കവിതയായ് പര്യവസാനിച്ചപ്പോൾ അവരത് വീണ്ടും വീണ്ടും വായിക്കുന്നു...
ബുദ്ധൻ ശയിക്കുന്നു.... സ്വപ്നങ്ങൾ പുനർജ്ജനിക്കുന്നു.

ശവംനാറി പൂക്കുന്നത്

ശവംനാറി പൂക്കുന്നത്...
സ്വപ്നങ്ങളുടെ നിലമുഴുത്....
ആകാംക്ഷയുടെ വിത്തുപാകി....
വിഷാദത്തിന്റെ മഴപ്പെയ്ത്തിൽ....
പുനർജ്ജനി തേടി-
വിരക്തിയുടെ ആകാശം നോക്കി...
ശവംനാറിപ്പൂക്കൾ വിടരുന്നു!

ഋതു

അവനെ മാത്രം കാത്തിരിക്കുക...
അവന്റെ വേരിനാൽ
ആഴം കൊള്ളുക...
അവന്റെ സിരകളിൽ പടരുക...
അവന്റെ ചില്ലകളിൽ
പൂക്കുക...
അവന്റെ നെഞ്ചിൽ
ഇതൾ പൊഴിക്കുക...
അവന്റെ ഋതുക്കളിൽ
പുനർജ്ജനിക്കുക...

അവളെ മാത്രം തേടുക....
അവളുടെ ആഴങ്ങളെ അറിയുക...
അവളെ സിരകളിൽ പേറുക...
അവൾക്ക് പൂക്കാൻ ചില്ലകൾ നൽകുക...
ഇതൾപൊഴിഞ്ഞുവീഴാൻ
മണ്ണ് നൽകുക...
അവളെ വീണ്ടും ആവാഹിക്കുക!

അവളുടെ കാത്തിരിപ്പിനൊടുവിൽ
അവൻ വീണ്ടും പുനർജനിക്കുന്നു...
അവളുടെ വസന്തങ്ങളിൽ അവൻ ചുവന്നു പൂക്കുന്നു...
അവനവളുടെ ഉന്മാദമാകുന്നു...
അവർ പുണർന്നുയരുന്നു
അനന്തതയിലലിയുന്നു...
അവൾ പൂർണമാകുന്നു... അവൻ പൂർത്തിയാകുന്നു...

ഒടുവിൽ....

അവസാന വരിയിലും അവളെ ഒടുക്കണം....
പച്ചമാവ് കത്തിയെരിഞ്ഞുള്ള ചാരമെടുത്തുള്ളിൽ പൂശണം...
ഓർമകളിൽ അവൾ പുനർജനിക്കുമ്പോൾ വിഭൂതി തേടണം...
പുലരി വിരിയുമ്പോൾ ആത്മാവിലലിയണം...
ഇനിയും കെടാത്ത ആ ചിതയിൽ നിന്നും നിന്നസ്ഥിപഞ്ജരം കൊണ്ടെന്റെ ചൂണ്ടുവിരൽ പൊള്ളണം....
അപ്പോഴെന്റെ മോതിരവിരലിലുള്ള നിന്റെ ആ പേരെഴുതിയ മോതിരമുരുകണം....
അവസാനമായി എനിക്കൊരു കവിതകൂടിക്കുറിക്കണം
അതിലവസാന വരിയിലെങ്കിലും നിന്നെയടക്കണം!.

മണമില്ലാത്ത റോസാപ്പൂക്കൾ

ചുവന്ന റോസാപ്പൂക്കളിൽ മണമില്ലെന്നോ...?
നിന്റെ അഭൗമ സൗന്ദര്യം ഞാൻ ആവാഹിച്ചു നൽകിയ റോസാപ്പൂക്കളിൽ മണമില്ലെന്നോ..?
നിന്റെ മൗനങ്ങളിൽ ഞാൻ കോർത്ത രാഗങ്ങൾ കൊണ്ട് തുന്നിയ ഇതളുകളിൽ മണമില്ലെന്നോ..?
എന്റെ സ്വപ്നങ്ങൾ പിഴിഞ്ഞ ചാറൊഴിച്ച് ഞാൻ വളർത്തിയ റോസാച്ചെടിയുടെ പൂക്കളിൽ മണമില്ലെന്നോ..?
എന്റെ പ്രണയം കൊണ്ട് ചുവപ്പിച്ച ആ പൂക്കളിൽ മണമില്ലെന്ന്!!!

Tuesday, 21 July 2020

ഏകം

ഒന്നുമില്ലായ്മയുടെ ആഴങ്ങളുണ്ട്...
ചിന്തകൾക്ക് ഊളിയിടാൻ പറ്റാത്തവ...
വെളിച്ചമെത്തിനോക്കാത്തവ...
വിരഹതാപം തിളക്കുന്ന ഓർമ്മകൾ പുകയുന്ന അഗ്നി പർവ്വതങ്ങളുടെ ലാവ ഒഴുകുന്നയിടം...
ആത്മരതി പുൽകുന്നയിടം....
നിശബ്ദതയുടെ ഇടം...
ഞാൻ മാത്രമുള്ളയിടം...

Monday, 20 July 2020

മറവി

ഞാൻ നിന്നെ മറന്നുപോയാൽ....

നിന്റെ തൊടിയിൽ പൂത്ത ഒരു വെള്ളചെമ്പകം കൊണ്ടുവന്നെന്നെ ഉണർത്തണം...
അതിന്റെ മണം എന്റെ നാസികയിലൂടെ ഓർമ്മകളെ തഴുകിയുണർത്തുമായിരിക്കും...

എന്നിട്ടും ഓർത്തില്ലെങ്കിൽ...
ഞാൻ നിനക്കായ് എറിഞ്ഞു വീഴ്ത്തി കൊണ്ടുവന്നു തരാറുള്ള മൂവാണ്ടൻ മാങ്ങ ഉപ്പും മുളകും കൂട്ടി എന്റെ നാവിൽ വെച്ചു തരണം...

പിന്നേയും ഓർത്തില്ലെങ്കിൽ...
നമ്മളിരിക്കാറുള്ള കടവിൽ ആ ഒഴിഞ്ഞ തോണിയിൽ ഒരിക്കൽ കൂടി എന്റെ ഒപ്പം ഇരിക്കണം....

ഓർമകൾ ഇനിയും വന്നില്ലെങ്കിൽ...
ആ തോണിയിൽ വെച്ച് നിനക്ക് ഞാൻ നൽകിയിട്ടുള്ള ചുംബനങ്ങൾ കൊണ്ടെന്നെ പൊതിയണം...

എന്നിട്ടും സഖീ നീ മറവിയിലാണെങ്കിൽ...
അതെന്റെ മരണമാണെന്നറിഞ്ഞാലും.

കാലം...

എന്താണ് പെണ്ണേ നിന്റെ കണ്ണുകൾക്കിത്ര കാന്തികത....
എന്നെ എപ്പോഴും അതിലേക്കാകർഷിക്കുന്നു...ഞാൻ അവയിൽ അഭിരമിക്കുന്നു...
എപ്പോഴും നിന്റെ കണ്ണിൽ കഥകളാണ്...
വൈകീട്ടന്ന് ബസ് സ്റ്റോപ്പിൽ കണ്ടപ്പോ നിന്റെ കണ്ണിൽ തീയായിരുന്നു...
ശ്രീകോവിലിൽ തൊഴുതുമടങ്ങുമ്പോൾ നിന്റെ കണ്ണിൽ കടലായിരുന്നു...
വായനശാലയിൽ നീ അവസാനത്തെ പുസ്തകം കൊടുത്തുവരുമ്പോൾ ഞാൻ കണ്ടത് ഒരു ഇടവപ്പാതിയായിരുന്നു...
പിന്നെ നിന്നെ കാണുമ്പോൾ നിന്റെ നെറുകയിൽ സിന്ദൂരവും നിന്റെ മാറിലൊരാലിലതാലിയും കണ്ണിൽ ഒരു വേനലുമുണ്ടായിരുന്നു...
അവസാനം നമ്മൾ കണ്ടപ്പോൾ നിന്റെ കണ്ണുകളിൽ നീല നിറവും 
പറയാതെ പോയ പ്രണയവുമാണെന്റെ പ്രാണനേ...

ഇന്നും ഞാൻ കാണുന്നു നിന്റെ നീല കണ്ണുകൾ!!!

നിന്റെ മണം!

നിനക്ക് തെക്കേലെ പാമ്പിൻ കാവിന്റെ അടുത്തു പൂത്തു നിൽക്കുന്ന വെള്ള ചെമ്പകത്തിന്റെ മണമാണ്...
ഞാൻ പകർത്തിയെഴുതാൻ നിന്റെ കൈയ്യിൽ നിന്നും വാങ്ങാറുള്ള കണക്ക് പുസ്തകത്തിന്റെ ഒരോ ഏടിനും നിന്റെ മണമുണ്ടാകാറുണ്ട്...
നമ്മൾ ഒരുമിച്ചു നടന്നിരുന്ന അമ്പലകുളത്തിലേക്കുള്ള ഇടവഴിക്ക് നിന്റെ മണമായിരുന്നെന്നു
ഞാൻ ഇന്നറിയുന്നു....
അവസാനം നമ്മൾ കണ്ട അന്ന് നിനക്ക് മഞ്ഞളിന്റെ മണമായിരുന്നു!

നിന്റെ നിറം!

നിനക്ക് നീലനിറമാണ്...
ആകാശം പോലെ പരന്നുകിടക്കുകയാണ് നീ...
എന്നും നീ പെറുന്ന നക്ഷത്രകുഞ്ഞുങ്ങൾ എന്നെ കാണാൻ വരാറുണ്ട്...
അവ നിന്റെ രഹസ്യങ്ങൾ എന്നോട് പറയാറുണ്ട്...
നിന്റെ കാർമേഘങ്ങൾ എന്നിൽ പെയ്തൊഴിയാറുണ്ട്...
അവയിലെന്റെ കണ്ണീര് ഞാൻ മറയ്ക്കാറുണ്ട്...
നീ പൊട്ടിച്ചെടുക്കാറുള്ള എന്റെ പട്ടങ്ങളിൽ നിനക്ക് ചുംബനങ്ങൾ കൊടുത്തയക്കാറുണ്ട്...
നിന്നെ ഞാൻ മറക്കാൻ ശ്രമിക്കുമ്പോഴെല്ലാം നിന്റെ ഇടിമിന്നലെന്നിൽ പതിക്കാറുണ്ട്...
ഒന്നിരുട്ടി വെളുക്കുമ്പോഴേക്കും നീ തെളിയാറുണ്ട്...
നിനക്ക് നീല നിറമാണ്!!

ലോകങ്ങൾ

രണ്ടു ലോകങ്ങൾ....
ഞാനും നീയും...
ഇരുളടഞ്ഞു പ്രകാശമില്ലാത്തതൊന്നും...
ഇരുളുപറക്കാത്തതൊന്നും...
പകുതി വെന്ത് മോക്ഷം കാത്തു കിടക്കുന്നിടമൊന്ന്...
ആകാശം നിറയെ സ്വപ്നങ്ങൾ ഉള്ളതൊന്ന്...
ശവംനാറിപ്പൂക്കൾ മാത്രം വിരിയുന്ന വസന്തമുള്ളിടമൊന്ന്...
പ്രതീക്ഷകളുടെ പൂക്കൾ വിടരുന്നിടമൊന്ന്...
വെറുപ്പ് മാത്രം വമിക്കുന്നിടമൊന്ന്...
ഒന്നിലോ പ്രണയം മാത്രം...
നിശ്ശബ്ദതയുടെ താഴ് വാരങ്ങൾ ഉള്ളിടമൊന്ന്...
ഒന്നിലോ സംഗീത സാന്ദ്രമായ സമുദ്രമുള്ളിടം...
ചോരക്ക് നീല നിറമുള്ളിടമൊന്ന്... ചോരക്ക് ചുവന്നിടമുള്ളതൊന്ന്...
മുന്നിൽ ശൂന്യത മാത്രമുള്ളിടമൊന്ന്..
മുന്നിൽ പ്രതീക്ഷകൾ മാത്രമുള്ളിടമൊന്ന്...
മൃത്യു കൂടെയുള്ളിടമൊന്ന്...
പുനർജ്ജനി കൂടെയുള്ളിടമൊന്ന്...
മറവിയില്ലാത്തിടമൊന്ന്...
നാളെയുള്ളിടമൊന്ന്...

Thursday, 16 July 2020

ആഴങ്ങൾ

നീ ദൂരമാണെന്നറിയുക...
നക്ഷത്രകാതം നീളമുണ്ടെന്നറിയുക...
ഒരു സ്വപ്നത്തിന്റെ ആഴമുണ്ടെന്നറിയുക...
ആകാശത്തിന്റെ വ്യാപ്തിയുണ്ടെന്നറിയുക...
അവസാനം ഞാൻ പുൽകാനാഗ്രഹിക്കുന്ന
അന്ധകാരവും നീയാണെന്നറിയുക.

മരണത്തിൽ വിരിയുന്ന പൂക്കൾ

ഇതെന്റെ മരണമാണോ...?

ഇടനെഞ്ചു മിടിക്കുന്ന താളം എനിക്കിപ്പോൾ വ്യക്തമായി കേൾക്കാം...

വിരലുകളിൽ നീല നിറം പടരുന്നു...

കാലുകൾ മരവിക്കുന്നു...

കാഴ്ച്ചകൾ മങ്ങുന്നു...

എന്റെ കിടക്കയിൽ അഗ്നി വമിക്കുന്നു-
പുറം പൊള്ളുന്നു...

എന്റെ വിരക്തി എന്നെ നോക്കി ചിരിക്കുന്നു...

എന്റെ സന്തോഷങ്ങൾ ആകാശം നിറയുന്നു...

എന്റെ ദുഃഖങ്ങളിൽ ഞാൻ മുങ്ങുന്നു, ശ്വാസം കിട്ടാതെ പിടയുന്നു...

എന്റെ സ്വപ്നങ്ങൾ പറന്നകലുന്നു...

എന്റെ ശബ്ദം തൊണ്ടയിൽ കുടുങ്ങുന്നു...

എന്റെ രക്തം തണുക്കുന്നു...

മറവിയെന്നെ കാർന്നു തിന്നുന്നു...

എന്നെ നീ കാണുന്നു!

Tuesday, 30 June 2020

ദേവന്റെ കത്ത് 3

എന്റെ ചെമ്പകമേ...

നീയിങ്ങനെ പേടിക്കാതെ...ഷാരത്തെ ചെക്കന്റെ കാര്യം ഞാൻ നോക്കിക്കോളാ... നമ്മുടെ കാര്യം ഒന്നും പറയാൻ നിക്കണ്ട, തെക്കേപടിയിലെ കുമാരനോട് ഒന്ന് പറഞ്ഞേക്ക്.. ഞാൻ ഓന് കത്തയച്ചോളാ വിവരം പറഞ്ഞിട്ട്...

പിന്നെ ഗുരുവായൂര് പോയിട്ട് എന്താ പറഞ്ഞേ കണ്ണനോട്..?
മൂപ്പരോട് ഒന്ന് കനിഞ്ഞു സഹായിക്കാൻ പറ... ഇല്ലേൽ കാര്യങ്ങളൊക്കെ കൊഴയും...വാങ്ങിയത് ഞാൻ അങ്ങു വരുമ്പോൾ നേരിട്ട് തന്നാൽ മതി ട്ടോ!!

ഇന്നലെ പ്ലാസ്റ്റർ വെട്ടി, നടക്കുമ്പോൾ ചെറിയൊരു ബുദ്ധിമുട്ട് ഉണ്ട്...നാളെ ഓഫീസിൽ പോണം...സാലറി തീയതി ആവാറായില്ലേ!!. 
കഴിഞ്ഞ മാസത്തെ വീട്ട് വാടക കൊടുത്തിട്ടില്ല്യ...ജെയിംസ് നാട്ടിലേക്ക് പോയി കഴിഞ്ഞ മാസം, പുതിയ ഏതോ ജോലി ശരിയായത്രേ....പിന്നെ റെഡ്ഢി അവന്റെ കല്യാണം കഴിഞ്ഞിട്ട് ഇതുവരെ എത്തിയിട്ടും ഇല്ല്യ... മൊത്തത്തിൽ ഞെരുക്കത്തിൽ ആണ്...ഓഫീസിന്റെ അടുത്ത് മുറി നോക്കണം ഇനി എന്തായാലും...വീട്ടിലേക്ക് പൈസ അയച്ചിട്ട് രണ്ടുമാസം ആകാറായി.. ഓപ്പോൾക്ക് ഒരു മൂക്കുത്തി വാങ്ങണം എന്ന് വെച്ചിട്ട് ഇതുവരെ നടന്നില്ല!!! 
അമ്മേടെ കാലിലെ നീര് ഇതുവരേം കുറഞ്ഞില്ലെന്ന് കഴിഞ്ഞ കത്തിൽ ഓപ്പോൾ പറഞ്ഞിരുന്നു... പാവം ഓപ്പോൾ എത്രയായി ഓടുന്നു...പാരലൽ കോളേജിലെ പൈസ അമ്മയുടെ മരുന്നിന് തന്നെ തികയാറില്ല... അതും കൂടാതെ ട്യൂഷനും ഒപ്പം തയ്യലും ഒക്കെ കൊണ്ടുപോവുന്നുണ്ട്!!! 
ചൊവ്വാ ദോഷത്തിൽ തളച്ചിട്ട് ആ പാവത്തിന്റെ ജീവിതം ഇങ്ങനെ തീരുമെന്നാണ് തോന്നുന്നത്...

ആ പിന്നെ നിന്റെ കോളേജിൽ ചേരുന്ന കാര്യം ഒക്കെ എന്തായി...തൃശ്ശൂർക്ക് ഒക്കെ വിടുമോ നിന്റെ പിതാശ്രീ?
അച്ഛമ്മ എന്തു പറയുന്നു? ന്നെ അന്വേഷിക്കാറുണ്ടോ?
 
ഇവിടെ ഇപ്പൊ മഴ കുറഞ്ഞിട്ടുണ്ട്...ജനലിന്റെ ചില്ല് മാറ്റിയിട്ടു! വെറുതേ ഇരിപ്പായ കാരണം തടി ഇത്തിരി കൂടിയോ എന്നൊരു സംശയമുണ്ട്...
ആ പിന്നെ പറയാൻ മറന്നു..,ദേവു ഓപ്പോൾക്ക് എന്തൊക്കെയോ സംശയങ്ങൾ ഉള്ളപോലെ തോന്നുന്നു...അഥവാ എന്തേലും ചോദിച്ചാലും നീയായിട്ട് ഒന്നും പറയാൻ നിക്കണ്ട കേട്ടല്ലോ!!!
അപ്പൊ നീട്ടുന്നില്ല...സന്തോഷമായിട്ടിരിക്കണം ട്ടോ!!!
ഇനി വിശേഷങ്ങൾ അടുത്ത കത്തിൽ...

ദേവേട്ടൻ!


Friday, 19 June 2020

ശ്രീക്കുട്ടിയുടെ കത്ത് 2

എന്റെ ദേവേട്ടന്,
ഇന്നലെ ഗുരുവായൂര് പോയിരുന്നു... കൊറീസായി അച്ഛമ്മ പോണം ന്ന് പറയുന്നു..അപ്പൊ അച്ഛൻ കൊണ്ടോയി..
ഞാൻ ഒരൂട്ടം വാങ്ങീണ്ട് ദേവേട്ടന് തരാൻ
എന്താന്ന് പറയണില്ല വരുമ്പോ കാട്ടിത്തരാം...

ലക്ഷ്മി അക്കയെ അന്വേഷിച്ചൂന്ന് പറഞ്ഞേക്കൂ....അക്കയുടെ ഭക്ഷണം എങ്ങനെ ഉണ്ട്..എന്റെ അത്ര വര്വോ???
പിന്നേയ്.... ആ ജയയോട് അധികം അങ്ങോട്ട് ഒട്ടാൻ നിൽക്കണ്ട കേട്ടല്ലോ!!?
പ്ലാസ്റ്റർ വെട്ടിയാൽ കുറച്ചു ദിവസം കൂടി കഴിഞ്ഞിട്ട് ഓഫീസിൽ പോയാൽ മതി ട്ടോ..കാർത്തി പണി എടുക്കട്ടെ കുറച്ചീസം കൂടി. 
മഴ കൊണ്ട് പനി വന്നൂന്ന് പറഞ്ഞെങ്ങാൻ എഴുതിയാൽ വിവരം അറിയും പൊന്നുമോൻ...ഹാ സൂക്ഷിച്ചോളുണ്ട്!!

അതേയ്.. പിന്നേയ്.... ദേവേട്ടൻ ദേഷ്യപ്പെടില്ല്യാച്ച ഒരു കാര്യം പറയാം...ഷാരത്തെ അപ്പു ഇന്നാള് എനിക്ക് ഒരു കത്ത് തന്നു ഞാൻ വാങ്ങീല്ല്യ.. കൊറേ ദിവസമായി പൊറകേ കൂടീട്ട്.. ഞാൻ കണ്ടില്ല്യാന്ന് നടിച്ച് വഴി മാറി നടക്കുവായിരുന്നു..എന്താ ചെയ്യാന്ന് ഒരു പിടീം ഇല്ല്യാ.. നമ്മടെ കാര്യം പറഞ്ഞാലോ?? ഒരു മറുപടി എത്രേം പെട്ടന്ന് അയയ്ക്കൂട്ടോ!!!
കാത്തിരിക്കുന്നു..
ശ്രീക്കുട്ടി.

ദേവന്റെ കത്ത് 2

എന്റെ ശ്രീക്കുട്ടിക്ക്,
ഇവിടെ മഴ തോരുന്നില്ല... ഓട് കുഞ്ഞപ്പൻ ചേട്ടൻ മാറ്റിയിട്ടു...ചില്ല് മാറാൻ കുമരേശൻ വരാന്ന് പറഞ്ഞിട്ടുണ്ടായിരുന്നു അവനിതുവരെയും വന്നിട്ടില്ല...എന്തേലും പണി പറഞ്ഞാൽ അപ്പൊ വല്ല മുട്ടു ന്യായോം പറഞ്ഞു മുങ്ങും!. ചോറും കറികളും ലക്ഷ്മി അക്ക വന്നിട്ട് ഉണ്ടാക്കും അവര് വരുമ്പോ തന്നെ ബ്രേക്ക് ഫാസ്റ്റ് കൊണ്ട് വരും മുഴുവനും ഒപ്പം ഇരുന്ന് തീറ്റിക്കും...അക്ക നിന്നെ ചോദിക്കാറുണ്ട്..ദേവൂനെ ഓർമ്മ വരും അക്കയെ കാണുമ്പോ..നിന്നോട് ഓപ്പോൾ എന്തേലും പറഞ്ഞുവോ കണ്ടപ്പോൾ? നാട്ടിലേക്ക് വരാത്തതിന് പരിഭവം ഇണ്ടാവും!!!.. 
നിന്റെ അച്ഛൻ എന്താ പറഞ്ഞേ തുടർന്ന് പഠിക്കാൻ സമ്മതിച്ചോ? ആർട് ഒക്കെ എങ്ങനെ പോകുന്നു? 
സ്വപ്നങ്ങളെ തേടാൻ പറയുന്നില്ല...സ്വപ്നങ്ങൾ ത്യജിച്ചവന് അതിനർഹതയില്ലല്ലോ!!!
പിന്നെ നാളെ പ്ലാസ്റ്റർ വെട്ടും...എന്നിട്ടുവേണം ഒന്ന് പുറത്തിറങ്ങി മഴ കൊള്ളാൻ...
ഓഫീസിൽ എന്റെ പണികൂടി കാർത്തി ആണത്രേ ചെയ്യുന്നത്...ഇന്നലെ ജയ വന്നപ്പോ പറഞ്ഞതാണ്....
നല്ല വിശപ്പുണ്ട്...ടേബിളിൽ ചോറും കറീം അക്ക വെച്ചിട്ടുണ്ട്...ന്നാ ഞാൻ പോട്ടേ ട്ടോ!!!

മറുപടി അയക്കാൻ മറക്കരുത്...

സ്വന്തം ദേവേട്ടൻ.

Saturday, 13 June 2020

ശ്രീക്കുട്ടിയുടെ കത്ത് 1

 എന്റെ ദേവേട്ടന്,
അമ്പലത്തിൽ പോണ വഴി ദേവു ഏടത്തിനെ കണ്ടിരുന്നു...
കാര്യങ്ങൾ ഒക്കെ അറിഞ്ഞു... രണ്ട് തവണ എഴുതിയതാണ് അപ്പോഴേക്കും അച്ഛൻ വന്നു..അതോണ്ട് അത് രണ്ടും കീറിക്കളഞ്ഞു...ഇന്ന് ഉച്ചക്ക് പോയേ ഉള്ളൂ ഗുരുവായൂർക്ക്.
ഇവിടെ ചെറിയ മഴ ചാറൽ ഇണ്ട്...നല്ലോണം ശ്രദ്ധിച്ചാൽ അടക്കിപ്പിടിച്ചു കരയണ പോലെ..തൊടിയിലെ പാരിജാതം പൂത്തു ട്ടോ...പക്ഷേ ചെമ്പകം ഇതുവരേം പൂവിട്ടില്ല!!! അതിന്റെ മണം ആണ് മുറി മുഴോനും...തട്ടിൻ പുറത്ത് അമ്മിണി പൂച്ച പ്രസവിച്ചു മൂന്ന് വെളുത്ത സുന്ദരിക്കുട്ടികൾ...
ഇടക്കെല്ലാം ഒറ്റക്കിരിക്കുമ്പോൾ വല്ലാതെ സങ്കടം വരും...അപ്പൊ കണ്ണീര് പിടിച്ചുവെക്കാൻ പറ്റാറില്ല!!! 
ദേവേട്ടനോട് എത്ര പറഞ്ഞാലും കേൾക്കില്ല്യാച്ചാൽ എന്താ ചെയ്യാ...എന്തിനാ ഇങ്ങനെ ജീവൻ കളഞ്ഞു ഓടാൻ നിൽക്കണേ... ഇനിയെങ്കിലും ഒന്ന് സൂക്ഷിക്കൂ ട്ടോ...
കാല് വയ്യാതെ അവിടെ ഒറ്റക്ക്..ഇവിടെ ഇള്ളോര് തീ തിന്നാണ്... ഞാനേ പോട്ടെ 'അമ്മ വിളിക്കുന്നുണ്ട്... വടക്കേലെ സുനന്ദ വരാം ന്ന് പറഞ്ഞിട്ടുണ്ട് അവളാണ് പോസ്റ്റ് ചെയ്യാറ്..
നിർത്തട്ടെ ഏട്ടാ..
ഉമ്മകളോടെ...
സ്വന്തം ശ്രീക്കുട്ടി.

#എഴുത്ത് നന്ത്യാർവട്ടം വക

ദേവന്റെ കത്ത് 1

എന്റെ നന്ത്യാർവട്ടമേ....
ഇന്നേക്ക് നൂറ്റി എഴുപത്തിനാല് ദിവസമായി നിന്റെ ദൂത് എനിക്ക് കിട്ടിയിട്ട്....നീ എന്നത്തെയുംപോലെത്തന്നെ പുലരിയിൽ പൂത്തുനിൽക്കുന്നുവെന്നു ഞാൻ കരുതട്ടെ.....
ഇവിടെ രാവിലെ മുതൽ മഴയാണ്...മുറിക്കുള്ളിൽ മുഴുവൻ തണുപ്പാണ്... അപ്പുറത്തെ കുട്ടാപ്പി പൊട്ടിച്ച ജനൽ ചില്ല് ഇതുവരെ മാറ്റിയില്ല...അടുക്കളയിൽ ഓട് പൊട്ടി ചോർച്ച ഉണ്ട്...കുഞ്ഞപ്പൻ ചേട്ടൻ ഇതുവരെ വന്നില്ല മാറ്റിയിടാൻ... കാലിലെ പ്ലാസ്റ്റർ അടുത്താഴ്ച വെട്ടും...അവിടെ ചെമ്പകം പൂത്തുവോ??
മഴയുണ്ടോ അവിടെ? 
കുഞ്ഞപ്പൻ ചേട്ടൻ വന്നൂന്ന് തോന്നുന്നു... നിർത്തട്ടെ!!!!
നിന്നെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു!!!

ഉമ്മകളോടെ സ്വന്തം ദേവേട്ടൻ!!!

Wednesday, 27 May 2020

എന്റെ മരണം

എന്റെ മരണം ഒരുപക്ഷേ നിങ്ങളറിയാതെ പോയേക്കാം....

അതറിയാതെ എന്റെ നമ്പറിലേക്ക് നിങ്ങൾ ഇടക്കിടക്ക് മെസ്സേജ് അയച്ചേക്കാം....

ഇടക്കെല്ലാം തുറന്നുനോക്കാത്ത മെസ്സേജ് കണ്ട് എന്നെ തെറി പറഞ്ഞേക്കാം...

ചിലപ്പോഴെല്ലാം ഒറ്റക്കിരിക്കുമ്പോൾ എന്നെ നിങ്ങളോർത്തേക്കാം...

അപ്പോളെന്റെ വിളിച്ചാൽ കിട്ടാത്ത നമ്പർ നിങ്ങളെ നോക്കി പല്ലിളിച്ചേക്കാം...

പതിയെ വളരെ പതിയെ ഒരു നെടുവീർപ്പെനിക്കുവേണ്ടി പൊഴിഞ്ഞേക്കാം...

ഒടുവിൽ നിങ്ങടെ ഫോണില് ഞാനൊരു നോട് റീച്ചബിൾ കോണ്ടാക്ട് ആയി മാറിയേക്കാം....

അപ്പോൾ ചിലപ്പോൾ ഞാനെന്റെ ശവം മറ്റൊരാൾക്ക് പകുത്തു നൽകുകയാവും....

Tuesday, 26 May 2020

നിന്റെ ഓർമ്മ

നിന്നെ ഞാൻ ഓർക്കാറില്ല....
ഇതെഴുതുമ്പോൾ പോലും
നിന്നെ ഞാൻ ഓർത്തിരുന്നില്ല!!!

ദൂരം

കണക്കുകൂട്ടലുകളിൽ
എപ്പോഴും
പിഴച്ചത്
നിന്നിലേക്കുള്ള
ദൂരമായിരുന്നു....

പ്രണയകാവ്യം

നീയറിയാതെപോയ

പ്രണയകാവ്യമായിരുന്നു
ഞാനെഴുതിയതിൽ
ഏറ്റവും മികച്ചത്...

Saturday, 23 May 2020

രാത്രികൾ

പല രാത്രികളിലും ഒരുപാട് നിന്നെക്കുറിച്ചെനിക്ക് വാതോരാതെ പറയാൻ തോന്നാറുണ്ട്....

പറയാൻ ശ്രമിക്കുമ്പോഴെല്ലാം നീ 
വന്നെന്റെ കഴുത്തിൽ നിന്റെ നീണ്ട
 ചുവന്ന ക്യൂട്ടക്‌സ് ഇട്ട വിരലുകൾ ആഴ്ത്തി 
എന്റെ ശ്വാസത്തെ തടയാറുണ്ട്....

അപ്പോഴെല്ലാം നിന്റെ ഉണ്ട കണ്ണുകളിൽ കാണുന്ന തുടിക്കുന്ന പ്രണയത്തിന്റെ അഗാഥതയിൽ ഞാൻ മുങ്ങി മരിക്കാറുണ്ട്....

ആത്മാവ് സ്വതന്ത്രമായി പറക്കുമ്പോൾ നിന്റെ തണുത്ത കൈകളിൽ എന്റെ ദേഹം വിറക്കുമ്പോൾ പെട്ടന്ന് നേരം പുലരാറുണ്ട്....

അവസാനം കണ്ണുകളിൽ പ്രകാശം വന്ന് ചുംബിക്കുമ്പോൾ മാത്രമാണ് നീ....
നീ വെറുമൊരു സ്വപ്‌നമാണെന്ന്‌ ഞാനറിയുന്നത്....

പക്ഷേ അപ്പോഴും നിന്റെ നീണ്ട ചുവന്ന ക്യൂട്ടക്‌സ് ഇട്ട വിരലുകളുടെ പാട് എന്റെ കഴുത്തിൽ ബാക്കിയാകാറുണ്ട്.....

Monday, 6 April 2020

നാം

നിലക്കാതെ പെയ്തൊരു മഴയിൽ
വിരലുകൾ ചേർത്ത് നാം നടന്നിട്ടില്ല...

ഒരേ കുടക്കീഴിൽ നാമിതുവരെ ഒത്തുചേർന്നിരുന്നിട്ടില്ല....

ഒരു പുഷ്പവും നിനക്കായ് ഞാൻ കാത്തുവെച്ചിട്ടില്ല....

എന്റെ രാത്രികളിൽ നിന്റെ മൗനങ്ങൾ പൊഴിഞ്ഞു വീണിട്ടില്ല...

നിന്റെ നിശ്വാസങ്ങൾ എന്റെ കാതിനെ ചുംബിച്ചിട്ടില്ല....

നിന്റെ വിയർപ്പിന്റെ രുചി ഞാനറിഞ്ഞിട്ടില്ല...

എന്റെ രക്തം നിന്റെ പേര് കേൾക്കുമ്പോൾ 

ചൂടുപിടിച്ചിട്ടില്ല...

നിന്റെയോർമകൾ എന്നിലൊരു വസന്തകാലം തീർത്തിട്ടില്ല....

എന്റെ സ്വപ്നങ്ങളിൽ ഒരിക്കൽപോലും 

നീ വന്നെത്തിനോക്കിയിട്ടില്ല....

എന്നിട്ടും ഈ ഇടവപ്പാതിയിൽ ഒരേ പുതപ്പിനടിയിൽ നാം പ്രണയിക്കുകയാണ്....

അവസാനമില്ലാതെ......



Thursday, 19 March 2020

അഹം

"അറിയേണ്ടതാരെക്കുറിച്ചാണ്?"
സിദ്ധൻ ചോദിച്ചു...
"എന്നെ...എന്നെക്കുറിച്ച്... അറിയണം..മുഴുവനായി!!!"
കീരൻ കാര്യം നിവർത്തിച്ചു....
"ഹഹഹഹ...ഹഹഹ...."
സിദ്ധൻ ആർത്തട്ടഹസിക്കുന്നു....
"ആരെക്കുറിച്ചും മുഴോനായി മനസ്സിലാക്കുക പ്രയാസം...."
സിദ്ധൻ കണ്ണുകളടച്ചിരിക്കുന്നു....

ധ്യാനം!!!

കീരൻ അത്യന്തം മോഹഭംഗത്തോടെ കയറിവന്ന വഴികളാലോചിച്ചു...
കല്ലുകൾ ചവിട്ടി രക്തം പൊടിഞ്ഞു കട്ടപിടിച്ച കാലുകൾ നോക്കി....വെയിലുകൊണ്ടു പൊള്ളിയ നെറ്റി വിരലുകളാൽ ഉഴിഞ്ഞു....

കാത്തിരുപ്പ്!!!

ആ മഹാമേരുവിന്റെ ചുവട്ടിൽ കീരനും സിദ്ധനും മാത്രം...കാറ്റുപോലും വീശാൻ മറക്കുന്നു...
കീരന്റെ ഹൃദയമിടിപ്പ് കൂടി വരുന്നു...നടന്നു തീർത്ത വഴികളെല്ലാം മറവിയെടുക്കുന്നു... തൊണ്ട വരളുന്നു....

വിശപ്പ്!!!

ദൂരെ നിന്നും കുറുക്കന്റെ ഓരിയിടൽ കേൾക്കുന്നു...ചെവികളിൽ വണ്ടുകൾ മൂളുന്നു...ചീഞ്ഞ മൃതശരീരഗന്ധം നാസാരന്ധ്രളെ തുളക്കുന്നു...
കണ്ണുകളടഞ്ഞുപോകുന്നു.  

ഉറക്കം!!! ഒടുക്കം മറവിയാണ്....

Thursday, 9 January 2020

സ്ഥിതി

പകുതിയായ് പിരിച്ച കാർമേഘങ്ങളെ ഇനിയൊന്നു സ്വതന്ത്രരാക്കുക,
വേർപെട്ടുപോയവയെ ഒന്നിച്ചലയാൻ വിടുക,
ഇഷ്ടങ്ങളും സ്വപ്നങ്ങളും പെയ്തൊഴിയാൻ
ഇടം നൽകുക...

ഹൃദയത്തിൽ പൂട്ടിയിട്ട നക്ഷത്രത്തെ തുറന്നുവിടുക...

അനന്തമായ ആകാശത്തെ മണ്ണിലലിഞ്ഞു പ്രണയിക്കുക...

ഓരോ പ്രണയപുഷ്പവും മഴത്തുള്ളിയായ്‌ പുൽകാൻ കാത്തിരിക്കുക...

അവസാനം....അവസാനം മാത്രം അത്രമേൽ പ്രീയപ്പെട്ട ഓർമകളെ മറവിക്ക് ഭക്ഷിക്കാനായി നൽകുക....

ഒരു കേരളോത്സവം അപാരത 3

ഈ എട്ട് ഗോൾ കാരണം തല ഉയർത്തി നടക്കാൻ പറ്റാത്ത അവസ്ഥ ആയി എന്ന് പറഞ്ഞാൽ മതിയല്ലോ...
സ്കൂളില് പോയാല് മൊത്തം ഡാർക്ക് സീൻ..
ഇത്രയും കൂടുതൽ അവിടെ വേറെ ആർക്കും കിട്ടിയിട്ടില്ല ന്ന്...സന്തോഷമായി ഗോപിയേട്ടാ...

അവിടുന്ന് തുടങ്ങുകയായിരുന്നു ഞങ്ങടെ ഉയിർത്തെഴുന്നേൽപ്പ്...കൂടുതൽ ചവിട്ടി താഴ്ത്താൻ നോക്കും തോറും നമുക്ക് എണീക്കാനുള്ള ത്വര കൂടും എന്ന് പറയുന്നത് ശരിയാണ്...
എല്ലാവർക്കും ഒരുതരം വെറി ആയിരുന്നു...
തിരുവാതിരക്ക് ചോഴി കെട്ടി കിട്ടിയ കാശ് കൊണ്ട് "വടക്കാഞ്ചേരി ചലൻജിൽ" നിന്നും പുതിയ കിറ്റ് വാങ്ങി...യുണൈറ്റഡിന്റെ കറുത്ത എവേ കിറ്റ്.
പതുക്കെ പുതിയ ഒരു ടീം ഉരുത്തിരിഞ്ഞു വന്നിരുന്നു കുഞ്ഞാന്റെ നേതൃത്വത്തിൽ...
കീപ്പർ അജയൻ
ലെഫ്റ്റ് ബാക്ക് പറവ അപ്പു
സെന്റർ ബാക്ക് വിഷ്ണു
റൈറ്റ് ബാക്ക് ക്യാപ്റ്റൻ കുഞ്ഞാൻ
ലെഫ്റ്റ് വിങ്ങിൽ ഞാൻ
സെന്റർ ഫോർവേഡ് നെറ്റു കുട്ടൻ
റൈറ്റ് വിങ്ങിൽ റഹീം
സബിൽ
അനീഷ്, സന്ദീപ്, ഉണ്ണി
എന്നിങ്ങനെ സെറ്റ് ടീം...

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...