Thursday, 10 December 2015

ചൂണ്ടുവിരൽ !!


                     ഞാനും നിങ്ങളും വെറും പുരുഷനും സ്ത്രീയും ...
നമ്മള്ക്കുനേരെ ചൂണ്ടുന്ന ഓരോ വിരലിനും ഒരുപാടു ചോദ്യങ്ങളുടെ ഭാണ്ഡമഴിക്കാനുണ്ട് !
                               ഇന്നിന്റെ ഉച്ചനീചത്വങ്ങളിൽ കേവലം അരാജകമായ മനസ്സുള്ള കുറെ കോമാളികളുടെ ഇടയില്പ്പെട്ടുഴറുന്ന ജീവിതയാത്രയിലാണെല്ലാവരും ..!
                               ഞാൻ',...ഞാനാരാണ് - ഞാനൊരു മകനാണ് ഞാനെന്റെ അനിയതിക്കുട്ട്യോള്ടെ ഏട്ടനാണ് ,എന്റെ അമ്മാളൂന്റെ ഉണ്ണിയേട്ടനാണ് !!!
                               കുറെ സ്വപ്നങ്ങളും , മോഹങ്ങളും എല്ലാം അടച്ചുവെച്ചിരിക്കുന്നു . ചരട് പൊട്ടിയ പട്ടം  പാറി നടക്കുന്നുണ്ട് ...ഞാൻ ..ആദ്യവും അന്ത്യവും ഞാൻ ! ഞാൻ മാത്രം..........

ഓർമ്മ !


              തുരുമ്പിച്ച ജനല്ക്കംബികളിലെ തണുപ്പ് കൈകളിലേക്കരിച്ചു കേറുന്നുണ്ട്. നീണ്ടുകിടക്കുന്ന വഴിയിലേക്ക് കണ്ണുംനട്ട് കുറേ ശപിക്കപ്പെട്ട ജന്മങ്ങൾ ... കാലത്തിന്റെ കുത്തൊഴുക്കിൽ കാഴ്ച്ചക്കൊപ്പം ഓര്മകളും മങ്ങിതുടങ്ങിയിരിക്കുന്നു... സന്തോഷവും സങ്കടവുമെല്ലാം ഒഴുകിതീരാറായിരിക്കുന്നു ...ആ ഓരോ കണ്ണിലും ഉത്തരമില്ലാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട് !.....

ഞാൻ.......


                             എന്തൊക്കെയോ ഒരുപാട് കുത്തിക്കുറിക്കണമെന്നുണ്ട്.! വിരലുകളിൽ , കൈകളിൽ , തലച്ചോറിൽ ...എല്ലായിടത്തും ചങ്ങലകൾ മുറുകിക്കഴിഞ്ഞിരിക്കുന്നു .....മനസ്സ് മരവിച്ചിരിക്കുന്നു.... വീണ്ടുമൊരു മഴക്കായ് കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ 'ഞാൻ '!. പെയ്യാനേറെ മോഹങ്ങളും ഒഴുകിതീരാനൊരുപാട് ദുഖങ്ങളും...ഇനിയും ചോദിച്ചിട്ടില്ലാത്ത ഉത്തരമില്ലാത്ത സമസ്യകൾക്കും ഇടയിൽ ...എന്റെ സ്വപ്നങ്ങളെ കൂടുതുറക്കാൻ അനുവദിക്കാതെ .......
                                രക്തം മാത്രം ചൂടുപിടിച്ച്‌ ഓടിക്കിതക്കുന്നുണ്ട് !

കാത്തിരുപ്പ് ....


                ഓരോ രാത്രിയും പകലിനെ കാത്തിരിക്കുന്നതുപോലെ ഈ കാത്തിരുപ്പവസാനിക്കുന്നില്ല ... ഇരുട്ടില്നിന്നും വരുന്ന ഓരോ കാലൊച്ചയും കാത്തിരുപ്പിനവസാനമാണെന്നുള്ള പ്രതീക്ഷയോടെ .....
                        അന്ധകാരം കാഴ്ച്ചയെ മറയ്ക്കുന്നു, ഇനിയും മറയ്ക്കാത്തത് മനസ്സിനെ മാത്രം.അചഞ്ചല മനസ്സിനുടമയായ 'ഞാൻ' ചഞ്ചലമായ മനുഷ്യകുലത്തിന്‌ അപമാനമാണെന്ന് തോന്നിയതിനാലാവാം ഈ ഇരുട്ടുമുറിയില് ഈ ചങ്ങലയില് എന്നെത്തളച്ചത്....
                        ഇപ്പോളിവിടെ കൂട്ട് കുറേ പാതിവെന്ത മോഹങ്ങളും സ്വപ്നങ്ങളും മാത്രം...കാറ്റിന്റെ മർമരം മാത്രം ഇടക്കെന്നെ ഓർക്കുന്നു, വേണം ഇവിടുന്നൊന്ന് രക്ഷപ്പെടണം .... അതിരുകളില്ലാത്ത ലോകത്തിലേക്ക്‌ സ്വപ്നങ്ങളുടെ തേരിലേറി ...പക്ഷെ , കാത്തിരുപ്പുകൾ ഒന്നും അവസാനിക്കുന്നില്ലല്ലോ...............!!!
                         

Saturday, 7 November 2015

യാത്ര...



          എന്തിനാണ് നമ്മൾ പരിചയപ്പെട്ടത്‌ ..? അറിയില്ല ..! എന്റെ ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെ പെട്ടിയിലെ അവസാനത്തെ ചോദ്യം.!...അല്ലാ .. ഇനിയും ചോദ്യങ്ങൾ വന്നാൽ ഇത് പഴയതാവില്ലേ? ശരിയാണല്ലോ !.. ആ ...എന്തെങ്കിലുമാകട്ടെ !!! ഇതുവരെ അനുഭവിക്കാത്ത എന്തോ ഒന്ന് .. പ്രണയമോ , സൗഹൃദമോ ...എന്തോ ഇതുമാത്രം ഒന്നിലും നിർവചിക്കാൻ കഴിയുന്നില്ലല്ലോ !!!പരസ്പരം സംസാരമധികമില്ലെങ്കിലും പലകാതങ്ങളകലെയാണെങ്കിലും ഒരു ഹൃദയസ്പന്ധനത്തിൻ ദൂരം മാത്രം....
തുടരട്ടെ തുടര്ന്നുകൊണ്ടെയിരിക്കട്ടെ ..ഈ യാത്ര അവസാനിക്കാതിരിക്കട്ടെ ..!!!

ഇരുട്ട് ....!


           
         'ഇരുട്ട്' ഭയമാണെന്ന് പറഞ്ഞുതന്നതാരായിരുന്നു....?
അമ്മയോട് പിണങ്ങി ഇരുട്ടുമുറിയിൽ ഒറ്റക്കിരുന്നപ്പോൾ കണ്ണീരൊപ്പാൻ വന്ന അച്ചമ്മയാണ് 'ഇരുട്ട് 'ഭയമാണെന്ന് ആദ്യമറിയച്ചത് ...
ക്ലാസ്സ്‌ മുറികളിലൊന്നിൽ ഒതുങ്ങിക്കൂടിയ എൻറെ ചിന്തകളെ പുറംലോകം കാണിച്ചതും ,'ഇരുട്ട്' ഭയപ്പെടുത്തുമെന്നും പറഞ്ഞത് പ്രീയപ്പെട്ട ടീച്ചർ ആയിരുന്നു ...
വീടിൻറെ ഇരുളറകളിൽ ഒളിച്ചുനിന്ന എന്നെ പുതുലോകം കാണിച്ചതെന്റെ സുഹൃത്തുക്കളായിരുന്നു .....
അവസാനം ,
പ്രണയത്തിന്റെ മായലോകത്തിൽ നിന്നും എന്നെ മറവിയുടെ ഇരുട്ടിലേക്ക്' തള്ളിയിട്ടകന്നതുമാത്രം നീ ....

Wednesday, 14 October 2015

ചെമ്പകം......




ദൂരയെവിടെയോ ശക്തിയായി മഴപെയ്യുന്നുണ്ട്...അയാള് തന്റെ ജാലകവാതില്കലിരുന്നു...മന്ദമാരുതൻ ജലബാഷ്പങ്ങൾ ഒളിപ്പിച്ചുവെച്ച് അയാളുടെ കവിളില്തലോടി ഓടിപ്പോയി....
 ഓരോ മഴക്കാലവും അവളിലേക്കുള്ളതായിരുന്നു....അയാളോർത്തു.ഓരോ പുതുമഴയും ആ വലിയവീടിന്റെ മുറ്റത്തുൽസവമായിരുന്നു,മഴത്തുള്ളിക്കിലുക്കവും അവളുടെ കൊലുസും എന്നും മത്സരമായിരുന്നു....
 എന്നാണവളുടെ മുത്തുപൊഴിയും പുഞ്ചിരി നഷ്ടമായത്..?
 ദൂരെനിന്നും വന്ന ഏതോ മാലാഖയുടെ കണ്ണീർത്തുള്ളികൾ അയാളെ ഓർമ്മയിൽ നിന്നും തഴുകിയുണർത്തി....
കിളിവാതിലിലൂടെ ആ ചെമ്പകം ആദ്യമായ് പൂത്തതയാൾ കണ്ടു.അവളുടെ നിർബന്ധമായിരുന്നു അതവിടെത്തന്നെ നടണമെന്നുള്ളത്, ആ വെള്ളച്ചെമ്പകമെന്നപോൽ വെളുത്തിരിക്കുന്നു തന്റെ തലയും....
 ഓടിന്മല് തട്ടിത്തെറിക്കുന്ന കണ്ണീർത്തുള്ളികൾക്കിടയിലും മരംമുറി വാളിന്റെ ഗർജ്ജനം മുഴങ്ങി...എങ്ങും ഇരുട്ടുവ്യാപിച്ചിരിക്കുന്നു........

പുലരി.......


പ്രഭാതകിരണങ്ങൾ എത്തിനോക്കുന്ന ജനൽപാളികൾക്കിടയിലൂടെ കടന്നുവന്നെന്നെ തഴുകിയുണർത്തി....
എന്റെ സ്വപ്നങ്ങളിൽനിന്നും പുതിയ ദിവസത്തിന്റെ സങ്കടങ്ങളിലേക്കും കരച്ചിലുകളിലേക്കും എന്നെ വിളിച്ചുണർത്തി....
ഇന്നലത്തെ ദുഃഖങ്ങളിൽനിന്നുള്ള രക്ഷപ്പെടലുകളൊന്നും ശാശ്വതമല്ലാത്ത കാരണം മാത്രം ഇന്നത്തെ ദുഃഖത്തെ ഞാനാലോചികുന്നില്ല.ഇന്നത്തെ ദുഃഖത്തിനിനിയും സമയമുണ്ട്......
    സമയം; സമയമാണ് ജീവനും ജീവിതവും....സമയം നിന്നുകഴിഞ്ഞാൽ അവിടെത്തീർന്നു എല്ലാം....പിന്നെ പുതിയലോകത്തിലേക്കുള്ള യാത്ര...
     പുതിയലോകം; മനുഷ്യമനസ്സിന് അപ്രാപ്യമായ മറ്റൊരു ലോകമുണ്ടോ..? ഉണ്ടാവുമായിരിക്കാം....ആധികാരികമായിപ്പറയാൻ എന്റെ സമയം ഇപ്പോഴും ഓടിക്കൊണ്ടിരിക്കയാണല്ലോ...ഒരെത്തുംപിടീം ഇല്ല്യാതെ....

Monday, 5 October 2015

നിശാഗന്ധി......




രാത്രിയുടെ യാമങ്ങളിൽ എവിടെയോ ഒരു കൊലുസിന്റെ കൊഞ്ചൽ കേട്ടുവോ..? ദേവൻ മുറിവിട്ടിറങ്ങി...രാത്രി വഴികാണിക്കാനെന്നവണ്ണം ചന്ദ്രൻ പൂർണ്ണശോഭയോടെ തെളിഞ്ഞു നിൽക്കുന്നുണ്ട്. കവിളിൽ തഴുകിയ മന്ദമാരുതനില് ആരോ മുല്ലപ്പൂവിന്റെ സുഗന്ധം കലർത്തിയിട്ടുണ്ടോ..? 'ദേവേട്ടാ' എന്ന വിളി കാതിൽ മുഴങ്ങുന്നുണ്ട്.... അകലെ കണ്ട വെട്ടത്തിനടുത്തേക്ക് ദേവൻ നടന്നു, അടുത്തെത്തിയപ്പോഴാണ് ആളെ മനസ്സിലായത്....'പാർവ്വതി' തന്റെ മാത്രം പാറു.... ദേവൻ അവളെ ശ്രദ്ധിച്ചു, പതിവില്ലാതെ ഇന്നവൾ മുല്ലപ്പൂ ചൂടിയിരിക്കുന്നു...വെള്ള വസ്ത്രത്തിലവൾ ഒരു ദേവതയെപ്പോലെ തോന്നി ദേവന്! അവൾ നീട്ടിയ കൈയിൽ അവൻ യാന്ത്രികമായി പിടിച്ചു...രാത്രിയുടെ നിശബ്ദതയെ കീറിമുറിച്ച് അവളുടെ കൊലുസിന്റെ കിന്നാരം മാത്രം...അവളുടെ കൈയ്യും പിടിച്ചവൻ നടന്നകന്നു...ദൂരെനിന്നെവിടെ നിന്നോ ഒരുപറ്റം ചെന്നായ്ക്കൾ മാത്രം അപ്പോഴും ഓരിയിട്ടുകൊണ്ടേയിരുന്നു........

Friday, 7 August 2015

പണിപ്പുരയിലാണ് ..........എന്റെ ചിന്തകള് ഉരുകിയൊലിച്ചു കൊണ്ടിരിക്കുന്നു .............അവസാന മടക്കം എന്നൊന്നുണ്ടെങ്കിൽ അത് മണ്ണിലേക്ക് ആണെന്നുള്ള തിരിച്ചറിവാവാം .......എങ്കിലും ഞാൻ എന്റെ നടത്തം തുടര്ന്നുകൊണ്ടെയിരിക്കുന്നു .......ഞാൻ ഒറ്റയ്ക്കാണോ .....അറിയില്ല ,ആരൊക്കെയോ പിന്തുടരുന്നുണ്ടാവാം ......

Wednesday, 15 July 2015

ഞാനുമൊരു ഭ്രാന്തൻ


 ചിന്തകളുരുട്ടി യാഥാർത്ഥ്യങ്ങളുടെ മുകളിൽ കയറ്റി താഴോട്ടുരുട്ടിവിട്ട്‌ ആർത്തട്ടഹസിക്കുന്നു ഞാൻ !!!..........ഇനിയൊരു പുനര്ജനിയെല്ലന്നറിയുക നാമിരുവരും !!!

Saturday, 11 July 2015

കുരുതി (1)


രാവിലെ തന്നെ കള്ളുഷാപ്പില് പോയി ഒരുകുപ്പി നല്ല ചെത്ത്‌ കള്ള് വാങ്ങികൊണ്ടുവന്നു അയാള് .ഉമ്മറത്ത്‌ തന്നെ മക്കള് രണ്ടാളും ഉണ്ട് ചെറുതായാലും രണ്ടാള്ക്കും കള്ള് എന്താണെന്നൊക്കെ അറിയാവുന്ന പ്രായമായോണ്ട് അയാളത് ഷർട്ടിന്റെ ഉള്ളിലൂടെ മുണ്ടിനിടയിൽ തിരുകി , കുട്ട്യോള് കോഴികള്ക്ക് തീറ്റ കൊടുത്തോണ്ടിരിക്കുവാണ്  കോഴികളെ ജീവനാണ് ....എന്തായാലും വൈകുന്നേരം വരയെ പൂവനായുസ്സുള്ളൂ ,തന്റെ കുലദേവതയെ പ്രസാധിപ്പിക്കാനാണല്ലോ എന്നോർത്തയാള് ആശ്വസിച്ചു!.

 വൈകീട്ട് കുരുതി കൊടുക്കാനായി എടുത്തുവെച്ച കോഴി അവന്റെ ആയുസ്സിന്റെ നീളം അറിഞ്ഞിട്ടോ എന്തോ എന്തൊക്കെയോ എണ്ണിപ്പെറുക്കി കരയുന്നുണ്ടായിരുന്നു .കുട്ടികളെയെല്ലാം ചോറുകൊടുത്തു മോളിലെ റൂമില് കൊണ്ട് കിടത്തിയിരുന്നു,അയാള്ക്കറിയാം ആ പിഞ്ചു മനസ്സുകൾക്കത് സഹിക്കാൻ പറ്റില്ല്യാന്ന്.......

 കുരുതിയുടെ സമയമായതറിഞ്ഞോ എന്തോ കോഴി നിർത്താതെ കൂവിക്കൊണ്ടേ ഇരിക്കിണ്ട്ടായിരുന്നു .......
അയാള് ഒരു കൈയില് കോഴിയേം മറുകൈയിൽ കത്തിയും എടുത്തു നില്ക്കുകയാണ് പൂജകഴിഞ്ഞലുടനെ കുരുതി കൊടുക്കണം ,ഒരൊറ്റനിമിഷം അയാളാ കോഴിയുടെ കണ്ണിലെക്കൊന്നുനോക്കി !........
ഇതെല്ലാം കണ്ടുകൊണ്ടീറനായി നാലു കണ്ണുകള് അയാളെ നോക്കിയിരിപ്പുണ്ടായിരുന്നു .........
 പരദേവതമാര് അപ്പോഴും ചോരമുഴുവൻ കുടിച്ചുതീർന്നിട്ടുണ്ടായിരുന്നില്ല ............!!!!!!

കാഴ്ച......


രാവിലെ പതിവുപോലെ തന്റെ പാട്ടുപെട്ടിയുമെടുത്തു ആറു വയസ്സായ മകന്റെ കൈയും പിടിച്ചു നടക്കുമ്പോൾ അയാൾ ഇന്നത്തെ ചിലവുകളുടെ ഏകദേശ രൂപം മനസ്സില് കുറിച്ചിട്ടു ....മഴ പെയ്താൽ ചോരുന്ന കൂരയിലെ കുളിമുറിയെ അന്ധകാരതിലാഴ്ത്തിയ ( തനിക്കെപ്പഴും എവിടേം അന്ധകാരമാണെങ്കിൽ പോലും )ആ ബൾബ്‌ ഒന്നു മാറ്റിയിടണം ,അല്ല പറഞ്ഞിട്ടുകാര്യമില്ല കുറെ ദിവസമായി അത് കരിപിടിച്ചു നില്ക്കുന്നു .കുട്ടിയെ ഈ വർഷമാണ്‌ സ്കൂളിൽ ചേർത്തത് .അവനു പുതിയ സ്ലൈറ്റും പെന്സിലും വാങ്ങണം ,ചിറ്റയുടെ മോന്റെ കുറച്ചു പഴക്കമുള്ള സ്ലൈറ്റായിരുന്നു ,ഇന്നലെ സ്കൂളിൽ നിന്നും വരുന്ന വഴി ചെരുപ്പു പൊട്ടി വീണതാ പാവം ,സ്ലൈറ്റ് തവിടുപൊടി ,ചെരിപ്പിന്നലെ തന്നെ കുട്ടപ്പേട്ടൻ നന്നാക്കി കൊടുത്തിരുന്നു  ....ഭാര്യയുടെ മരുന്ന് ,ഒരിക്കല്ക്കൂടി അയാള് തന്റെ പാന്റിന്റെ കീറാത്ത പോക്കറ്റിൽ തപ്പി നോക്കി ....കുറിപ്പെടുക്കാൻ മറന്നിട്ടില്ല .പോകുമ്പോൾ സ്റ്റേഷനടുത്തുള്ള രമേശന്റെ മരുന്നുകടയില് കൊടുത്താൽ മതി വൈകീട്ട് വരുമ്പോളേക്കും അവനതു എടുത്തു വെച്ചിണ്ടാവും .അയാള് താൻ മാറോടു ചേർത്തുപിടിച്ചിട്ടുള്ള പാട്ടുപെട്ടിയെ ഒന്നുതലോടി നോക്കി ;ഇല്ല കുഴപ്പമൊന്നും പറ്റിയിട്ടില്ല -ഇന്നലെ ഏതോ ഒരു മാന്യൻ വലിച്ചെറിഞ്ഞതാണ് ...നടക്കുമ്പോൾ അയാള്ടെ മേത്ത്  കൈ തട്ടിയകാരണം ആണത്രേ !!!ചെറിയ പൊട്ടലുന്ടെന്നു തോന്നുന്നു ,സഖാവ് മാഷ് തന്നതാണ് .....താൻ വെറുതെ തീവണ്ടിയിൽ കൈനീട്ടി നടന്നിരുന്ന കാലത്ത് മാഷാണ് പണ്ടേ പാടാൻ കഴിവുണ്ടായിരുന്ന തനിക്ക് പുതിയ പാട്ടുപെട്ടി വാങ്ങിത്തന്നു പറഞ്ഞത് "ഗോപ്യേ ആരുടെയെങ്കിലും മുൻപിൽ വെറുതെ കൈനീട്ടി കിട്ടുന്നതിലും നല്ലത് കുറച്ചാണെങ്കിലും സ്വയം അദ്ധ്വാനിച്ചുണ്ടാക്കുന്നതിലാ" എന്ന്,അന്നുമുതൽ തീവണ്ടിയിൽ പാടാൻ തുടങ്ങിയതാണ്‌ ,എത്രനാൾ പോകുമോ എന്തോ?!!!
ഇതിനിടയിലാണ് ഏതോ തെമ്മാടിക്കാറ്റിന്റെ പിന്നാലെ ചാറ്റൽമഴ വന്നത് ,മകന്റെ  കൈയിലുള്ള കുട വാങ്ങി നിവര്ത്തി പാട്ടുപെട്ടി അവന്റെ കൈയിൽ കൊടുത്തു.മഴ കാറ്റിനെ പിടികിട്ടാത്ത കാരണമോ എന്തോ വാശി തീര്ക്കാനെന്നപോലെ പെയ്തുകൊണ്ടേ ഇരിക്കുന്നു ,മഴത്തുള്ളികൾ ആ കുടയുടെ കീറിയ ശീലക്കുള്ളിലൂടെ അവരെ ചുംബിച്ചുകൊണ്ട് താഴെക്കെവിടെക്കോ പോയിമറഞ്ഞു .....മഴയിലൂടെ ഓരോന്നോർത്ത് നടക്കുമ്പോളാണ് മയമ്മുക്കാന്റെ വിളി "ഗോപ്യേ ഇന്ന് ചായ വേണ്ടേന്ന് "നടന്നു നടന്നു എത്തിയതറിഞ്ഞില്ല ,അത് പതിവുള്ളതാണ് സ്റ്റേഷൻറെ അടുത്തുള്ള മയമ്മുക്കാന്റെ തട്ടുകടയില്നിന്നും ഒരു സ്ട്രോങ്ങ്‌ ചായ ...മയമ്മുക്ക തന്നെ മോന് പാലിൻവെള്ളം എടുത്ത് കൊടുത്തു ...അവിടെ ഇക്ക പൈസ വാങ്ങാറില്ല !ചായകുടി കഴിഞ്ഞു മയമ്മുക്കനോട് യാത്രപറഞ്ഞിറങ്ങി മോനെ തിരിച്ചു വിട്ടു ,വൈകീട്ട് വരുമ്പോൾ കുടെയെടുക്കാൻ മറക്കണ്ട എന്ന് ഓര്മിപ്പിച്ചു ....മഴക്കിത്തിരി കുറവുണ്ട് ,സ്റ്റേഷനിലേക്ക് ഇനി അധിക ദൂരമില്ല .....അയാൾ പതുക്കെ നടന്നു ............അപ്പോൾ ദൂരെ നിന്നും വരാൻ പോകുന്ന ഏതോ വണ്ടിയുടെ സൈറൻ മുഴങ്ങിക്കൊണ്ടേയിരുന്നു ......

അവളും ഞാനും.

ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...