Monday, 25 July 2022
അവളും ഞാനും.
ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ലോകത്തെ തമോഗർത്തവുമാകുന്നു...
ചിന്ത. ചിത.
ശരീരം നശ്വരമാണ്....
അനശ്വരമായുള്ളത് നമ്മുടെ കർമ്മ ഫലം മാത്രമാണ്...
ഭൂലോകത്തിൽ ജനനം ഉള്ളതിനെല്ലാം മരണവും ഉണ്ടാകുമെന്നറിയുക....
ഉടലിലുള്ള ഉയിരെന്നും ഉന്മാദിയെ തേടുമെന്നറിയുക....
ലോകത്തിന്റെ അവസാനവും ഒരിക്കൽ ഉണ്ടാകും....നക്ഷത്രങ്ങൾ തമോഗർത്തങ്ങളും ആയി മാറും.
....കാറ്റിനും കടലിനും മാത്രമായി ഈ മണ്ണ് കാത്തിരിക്കുമെന്നും...അറിയുക...
കടലിൽ വീണ് മരിക്കുന്ന സ്വപ്‍നങ്ങളുടെ ആത്മാവ് കാറ്റിന് സ്വന്തമാകുന്നുവെന്നും ഓർക്കുക....
ഉന്മാദികളെ തേടുന്നവർ ഉറങ്ങുകയായിരുന്നെന്നും മനസ്സിലാക്കുക....
അവളെ ഞാൻ വീണ്ടും കാണുമോ...?
സൂര്യൻ പടിഞ്ഞാറ് ചായുന്നതും ചുറ്റും ഇരുൾമൂടുന്നതും ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പെറ്റ് കൂട്ടുന്നതും അയാൾ അറിഞ്ഞതേയില്ല...
കുന്നിന്റെ ഉച്ചിയിലെ-
പ്പാറയിൽ നീണ്ട് നിവർന്ന് കിടന്നയാൾ അവളെ ഓർത്തു...
അവളുടെ എത്ര എഴുതിയാലും ശരിയാവാത്ത ആ മഷി പടർന്ന കണ്ണുകൾ അയാളെ വീണ്ടും വീണ്ടും അസ്വസ്ഥനാക്കി കൊണ്ടിരുന്നു...
അവസാനം കണ്ടപ്പോ ആ കണ്ണുകളിൽ ഒരു അപേക്ഷ ഉണ്ടായിരുന്നോ ഒന്ന് രക്ഷിക്കാൻ പറഞ്ഞിരുന്നോ അവ...
അദൃശ്യമായ ചങ്ങലകൾ അറുത്തു മാറ്റുവാൻ കേണിരുന്നുവോ...?
കാഴ്ചകൾ കലങ്ങി മറിയുന്നു...
ഉപ്പ് രുചിക്കുന്നു...
പരാജിതന്റെ പ്രണയമേ നിന്നെ ഞാനെന്റെ ഹൃദയത്തിലടക്കുന്നു...
നിനക്കൊരു മോചനമില്ലാതെ...
യാചകന്റെ കീറിയ പോക്കറ്റ് പോലെ അവളെ ഒന്ന് കൂടെ വിളിക്കാൻ പോലും അശക്തനായി തിരിഞ്ഞു നടക്കുമ്പോൾ അവൾ കൊതിച്ചിട്ടുണ്ടാകുമോ ഒന്ന് തിരികെ വിളിക്കാൻ....?
അശക്തനും പരാശ്രയനും തീർത്തും ദരിദ്രനുമായ എന്നെയോർത്തെനിക്കപ്പോൾ പശ്ചാത്താപം തോന്നി...
നിശബ്ദം നടന്ന് കയറിയ കുന്നിന്റെ ഉച്ചിയിൽ സൂര്യൻ കത്തുന്നുണ്ടായിരുന്നു....
വിശപ്പ് അതിലും ആഴത്തിൽ കരിച്ചു കളഞ്ഞ കുടലുകളിൽ കെടാത്ത തീ ഉടലാകെ പടർന്ന് പിടിക്കുന്നത് സൂര്യൻ തെല്ലസൂയയോടെ കണ്ടു...
പാറയുടെ ഊഷ്മളതയിൽ ലെയിച്ചെത്രനേരം....
ഇരുട്ട് കണ്ണുകളിൽ തുളച്ചു കയറുന്നു...ഒരു ട്രപ്പീസ് കളിക്കാരന്റെ മികവോടെ എന്നെ എടുത്തെറിയുന്നു...
പൗർണമി ആണോ ഇന്ന്...
ആകാശം നിറയെ നക്ഷത്രങ്ങൾ പൂത്തു നിൽക്കുന്നു...
ചന്ദ്രൻ മുഴുവട്ടത്തിൽ പ്രകാശം പൊഴിക്കുന്നു...കുന്നാകെ തിളങ്ങുന്നു....ചുറ്റു നിന്നും മിന്നാമിന്നികൾ സ്വപ്നങ്ങളെ തേടി പോകുന്നു....അപാരമായ വെളിച്ചമേ...നാളെ പുലരിയുണ്ടാകുമോ...???
അവളെ ഞാൻ വീണ്ടും കാണുമോ??
ചൂട്ട്!
വളഞ്ഞുപുളഞ്ഞു പോകുന്ന ചേരിയുടെ ഇടയിലൂടെയുള്ള പാതയിൽ വെച്ചവർ കണ്ടുമുട്ടി....
ആദ്യം കണ്ടപോലെ തന്നെ അവർ വീണ്ടും അപരിചിതത്വത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നു....
വഴിതെറ്റി നടക്കുന്ന ഏകാന്ത പഥികന്റെ മുൻപിലേക്ക് ചൂട്ടുമായി വന്ന യക്ഷിയെപ്പോലെ ആ രാത്രിയിൽ അവള് തിളങ്ങി നിന്നു...
കണ്ണുകളിൽ ഒരുമഴക്കാലം കാത്തു കിടക്കുന്നു....
അയാളവളെ ഒന്നുകൂടി നോക്കി മനസ്സിൽ പുൽകി മിണ്ടാതെ തിരിഞ്ഞുനോക്കാതെ നടന്നു....എത്രനടന്നാലും വഴി തെറ്റി വീണ്ടും അവളുടെ ചൂട്ടും തേടി എത്തും എന്നറിഞ്ഞിട്ടും....
അകന്നുപോകുന്ന മുഷിഞ്ഞ വസ്ത്രധാരിയെ നനക്കാണെന്നോണം
ആർത്തുപെയ്ത ഇടവപ്പാതിയിൽ ആ ചൂട്ട് കെട്ടിരുന്നകാര്യം അയാളറിഞ്ഞിരുന്നില്ല.
Thursday, 23 June 2022
ചാത്തനും മറുതയും!
സ്വപ്നങ്ങളുടെ ജഡം കാത്തു സൂക്ഷിക്കുന്ന തടവറയുടെ തുരുമ്പെടുത്ത അഴികൾക്കിടയിലൂടെ ദുർഗന്ധം വമിക്കുന്നുണ്ട്...
"എന്താത്...??"
"തൂങ്ങിമരണം ആണെന്ന കേട്ടത്..."
"ഏയ്...കൊന്നതാവാനെ തരമുള്ളൂ..."
"ആര്...?"
"ഉടയോൻ തന്നെ...!"
"എന്താ ചാത്താ ഈ പറയണേ...? ജനനി തന്നെ അവസാനമോ?"
"ഉവ്വ്...മറുതെ... അങ്ങനേം ഇപ്പൊ സംഭവിക്കുന്നുണ്ട്...!
നിരാശയുടെ അഗാധമായ പടുകുഴിയിൽ ആണ് എല്ലാരും...ഒരു ഉയിർത്തെഴുന്നേൽപ്പ് ആരും ആഗ്രഹിക്കുന്നില്ല.
അനന്തമായ ആകാശം കാണുമ്പോൾ വിഷാദത്തിന്റെ നക്ഷത്രങ്ങൾ പൂക്കുന്നതാണവർ കാണുന്നത്...ഇരുട്ടിൽ അവർക്ക് അവരുടെ ജീവന്റെ അവസാന കണികയും അവരെ തള്ളിപ്പറയുന്നത് കേൾക്കുമ്പോൾ അവർ സ്വപ്നങ്ങളെ കൊന്ന് കെട്ടിത്തൂക്കി ആത്മഹത്യ ചെയ്യിക്കാറുണ്ട്.... "
"അപ്പൊ ചാത്താ...ആ ദേഹം എന്തുണ്ടാകും....?"
"രണ്ട് ലോകങ്ങളിൽ അവർ അവരുടെ സ്വപ്നങ്ങളെ കൈയ്യെത്തി പിടിക്കുന്നുണ്ടാകും!
അല്ലെങ്കിൽ ആ ഇരുട്ടിൽ കിടന്ന് അവസാനം പുഴുക്കൾക്ക് ഭക്ഷണമാകും...."
Thursday, 16 June 2022
നീ...കടൽ
നീ...
കടലാഴം...
മോഹങ്ങളുടെ ചുടുനീരാറ്റിയ കുരുതിക്കളം...
സ്വപ്നങ്ങളുടെ ആകാശം...
നിശ്വാസങ്ങളുടെ ശിശിരം...
അവസാനിക്കാത്ത പ്രകാശം...
ഞാൻ കര...
കടലിന്റെ ആഴങ്ങളിൽ തിരയടങ്ങുന്നതും കാത്തിരിക്കുന്ന കര...
Thursday, 26 May 2022
ഉന്മാദിയുടെ വെളിച്ചം
ആത്മനൊമ്പരങ്ങളുടെ ഭാണ്ഡവും പേറി ഉന്മാദി ഇരുട്ടിൽ ദിക്കറിയാതെ നടക്കുന്നു...
ജനനത്തെ ശപിക്കുന്നു...
ആത്മാവ് ശരീരത്തെ കാർന്ന് തിന്നുന്നു,
ദേഹിയെ അപാരമായ വിഷാദഗർത്തത്തിലേക്ക് തള്ളിയിടുന്നു...
ഗർത്തത്തിന്റെ അവസാനം ഉന്മാദി വീണ്ടും നടപ്പ് തുടരുന്നു...
ഭാണ്ഡം വീണ്ടും നിറയുന്നു...
സ്വപ്നങ്ങൾ ആകാശമാകുന്നു...
ഉന്മാദി അകലെ വെട്ടം കാണുന്നു...
ഇരുട്ടിൽ നിന്നും പ്രതീക്ഷയെ ചവിട്ടി മുകളിലേക്ക് കയറുന്നു...
അകലെ കാണുന്ന വെളിച്ചം തേടിയലയുന്നു...
ഉന്മാദി നിമിഷമാകുന്നു...
വെളിച്ചം ചിരിക്കുന്നു...
വെളിച്ചം കടലിനെ പ്രണയിക്കുന്നു...
ഉന്മാദി കരയാകുന്നു...
കടൽ വെളിച്ചത്തെ സ്വന്തമാക്കുന്നു...
കര ഇരുളിലാകുന്നു...
ഉന്മാദി കാത്തിരിക്കുന്നു...
വെളിച്ചം പുനർജ്ജനിക്കുന്നു...
കരയെ കടലെടുക്കുന്നു...
ഉന്മാദി മരിക്കുന്നു...
ഭാണ്ഡക്കെട്ടുകൾ അനാഥമാകുന്നു...
കടലിൽ അവ പുതിയ അവകാശിയെ തേടുന്നു...
Saturday, 21 May 2022
രണ്ട് കരകൾ
നമ്മളിരു കരകളാണ്....
ഒരിക്കലും ഒരുമിച്ച് ചേരാൻ സാധ്യതയില്ലാത്ത രണ്ട് കര....
ഇടയിലൂടെ പ്രണയം മരിക്കാതെ...
ആരും അറിയാതെ ഒഴുകട്ടെ...
ഒഴുക്ക് നിലക്കും വരെ...
പിന്നെ കടലാണ്...
ഉടല് വറ്റിച്ചാറ്റി കിട്ടിയ ചോരകൊണ്ട് ചുവപ്പിച്ചൊരു കടൽ...
ഉതിർന്നു വീണ കണ്ണീർ തുള്ളികളും ചുടു നിശ്വാസങ്ങളും മോഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യമില്ലാതൊഴുകി ചേർന്ന കടൽ...
അവയുടെ ആഴങ്ങളിൽ നമുക്ക് ഒരുമിച്ച് പുൽകി മരിക്കാം...
നമ്മുടെ പ്രണയത്തെ നിർദ്ദാക്ഷിണ്യം ശ്വാസം മുട്ടിച്ച് കൊല്ലാം...
ഉന്മാദികളുടെ ലോകം
കായലിൽ നിന്നുള്ള നേരിയ ചൂടുള്ള ഇളം കാറ്റ് കടന്നുപോകെ...
റോസ് വൈനിന്റെ നിറമുള്ള സാരിയും വെള്ളയിൽ നിറയെ പൂക്കളുള്ള ജാക്കറ്റുമിട്ട് വസന്തം ഒഴുകി വന്നരികെയിരിക്കുന്നു...
ആഹ്...
അവളുടെ മണം..
രാവിലെ മുതൽ വിയർത്തുതുടങ്ങിയ ആ കക്ഷം കാണിച്ച്...
ചെഞ്ചായം പൂശിയ ആകാശം നോക്കി അവൾ മോളിലേക്ക് മുടി കെട്ടി വെക്കുന്നു...
പതിയെ ആ കാച്ചെണ്ണയുടെ മണം പൊന്തിവരുന്നു...
അനുഭൂതി...
നേരിയ ചുവപ്പ് പടർത്തിയ ആ ചുണ്ടുകളിൽ ഒരു നിഗൂഢമായ മന്ദസ്മിതം തത്തിക്കളിക്കുന്നു...
ഇടക്ക് നോക്കുന്ന ഇടംകണ്ണിട്ടുള്ള നോട്ടങ്ങളിൽ കൂരമ്പ് നിറച്ചിരിക്കുന്നു...
ഞാൻ ചോരപൊടിഞ്ഞ് മൃതപ്രാണനാകുന്നു...
ഉന്മാദികളുടെ ലോകം സുന്ദരമാകുന്നത് സ്വപ്നങ്ങൾ നിറയുമ്പോഴാണ്...
ആ സ്വപ്നത്തിൽ അവര് എപ്പോഴേ അകപ്പെട്ടുപോയിരുന്നിരിക്കാം...
ഒരു തിരിച്ചുവരവ് ഉണ്ടോ എന്നുപോലും അറിയാതെ...
നീ...
നീ ശരിക്കും ഋതുവാണ്....
നിനക്ക് പല നിറങ്ങളാണ്...
പല മണങ്ങളും...
ചിലപ്പോ നീ മഴയാണ്...
ചിലപ്പോഴെല്ലാം എന്നെ വരൾച്ചയുടെ അഗാധത്തിലേക്ക് തള്ളിയിടുന്ന വേനലും...
ചിലപ്പോഴെല്ലാം നിനക്ക് ചന്ദനത്തിന്റെ മണമാണ്...
ചിലപ്പോഴെല്ലാം നീ കറുപ്പാണ്....
നീ ഉദയമാണ്...
ചിലപ്പോഴെല്ലാം ഉന്മാദവും...
ചിലപ്പോഴെല്ലാം നീ തീ ആകാറുണ്ട്...
ചിലപ്പോഴെല്ലാം തൊടുമ്പോൾ തണുപ്പരിച്ചുകേറുന്ന പളുങ്ക് പാത്രവും നീയാണ്...
നിന്റെ പൊക്കിൾ ചുഴിയിലൊളിപ്പിച്ച ലോകം സ്വപനങ്ങളുടേതാണ്...
ചിലപ്പോഴൊക്കെയും നീയൊരു തമോഗർത്തമാണ് ഒരിക്കെ വീണ് പോയാൽ ഒരു മടക്കമില്ലാത്ത തമോഗർത്തം...
ചിലപ്പോഴെല്ലാം നീയെന്റെ കവിതയുടെ ആത്മാവാണ്...
ചിലപ്പോഴെല്ലാം നീയെന്റെ കവിതയും...
ചിലപ്പോഴെല്ലാം നീയെന്റെ ഓർമകളാണ്...
ചിലപ്പോഴെല്ലാം സ്വപ്നവും...
ചിലപ്പോഴെല്ലാം നീയൊരു കടലാണ്,
കരയിലുള്ള ഞാൻ വീണ് മരിക്കാൻ ആഗ്രഹിക്കുന്ന കടൽ...
നീയെന്റെ പ്രണയമാണ്...ആകാശമാണ്...
അവസാനമാണ്!!!
Thursday, 12 May 2022
വസന്തകാലം
ഒരു ലോകത്തിലും ഉൾപ്പെടുത്താതെ...
ഒരു കാവ്യങ്ങളിലും അടയാളപ്പെടുത്താതെ...
സഞ്ചരിച്ച ദൂരങ്ങളിൽ മാത്രം ഒരുമിച്ചുള്ള-
ഓർമകളെ മാത്രം കൂടെക്കൂട്ടി...
അവസാനിക്കാത്ത പ്രണയകാലവും ഒരു വസന്തവും ഇനിവരാതെ...
ഒരു മഴക്കാലവും കടന്ന്...
നാം വരണ്ട വേനലിൽ ദാഹിച്ചു മരിക്കുകയാണ്....
Sunday, 1 May 2022
വിഷാദം
അതീന്ദ്രിയ ജ്ഞാനത്തിന്റെ ഇഴകൾ കൂട്ടിപ്പിണഞ്ഞ വഴികലൂടെ ചാത്തൻ ഓടുകയായിരുന്നു... പെട്ടന്നാണ് പിന്നിൽ ഒരു ആജാന ബാഹുവിന്റെ കൈ വന്ന് തടുത്തു നിർത്തിയത്??
"ങും... എങ്ങോട്ടാണ്?"
ചോദ്യം ബഹിർഗമിച്ചപ്പോഴാണ് ചാത്തൻ ആഗമനെ ശ്രദ്ധിക്കുന്നത്...
ഹൈദറൂന്റെ അറവുശാലയിൽ കഴിഞ്ഞ പെരുന്നാളിന് കൊണ്ടുവന്ന കൂറ്റന്റെ അതേ ആകാരം...?
അസ്ത്രപ്രജ്ഞനായ ചാത്തനെ ഉണർത്തിയത് ആഗമന്റെ കൈയ്യിലെ വളഞ്ഞിരിക്കുന്ന ആയുധംകൊണ്ടുള്ള പ്രഹരമാണ്...
ചാത്തന്റെ അഹം ബോധത്തിലാണ് അടി വീണത്...
എന്ത്...? ജ്ഞാനംകൊണ്ടീ ലോകം കീഴടക്കാനിറങ്ങിപ്പുറപ്പെട്ട എന്നെ ഈ നീചൻ ദണ്ഡിക്കുകയോ...
"ഹേ...കാപാലികാ...ഞാൻ അതീന്ദ്രിയ ജ്ഞാനം കൈപ്പിടിയിലൊതുക്കിയ സാക്ഷാൽ ശ്രീമാൻ ചാത്തൻ എന്റെ വഴി തടഞ്ഞാലുള്ള ഭവിഷ്യത്ത് നിനക്കറിയില്ല!!!"
ചാത്തന്റെ ഉഗ്രകോപം അഗ്നിയായ് വമിച്ചു.
"ഹഹഹ....
അല്ലയോ ശ്രീമാൻ ഇവിടെ വഴി അവസാനിക്കയാണ്...പിന്നെ ഇതെന്റെ അധീനതയിലുള്ള സ്ഥാവര വസ്തുവാണ്....
അതിലതിക്രമിച്ചു കയറിയ നിന്റെ ബോധമണ്ഡലത്തിലെ ഓർമകളെ ഞാൻ തച്ചുടക്കുന്നു...നീ ഇനിമുതൽ വഴിയറിയാതെ കാടറിയാതെ നാടറിയാതെ ദിക്കറിയാതെ ഉലകം ചുറ്റും...."
നിമിഷാർദ്ധനേരത്തിൽ ചാത്തൻ ഉഗ്രമായ ഗർത്തിലേക്ക് നിലതെറ്റി വീണിരുന്നു...
*ബാക്കി ഇനി ഒരു തലക്കടികൊണ്ട് ഓർമ്മ വരുവാണേൽ സംഭവ്യം!
Monday, 11 April 2022
കരിമഷി
"കറുപ്പ്"...
എന്തിനായിരുന്നു കറുപ്പിനോട് നിനക്കിത്തിരിയൊരിഷ്ടക്കൂടുതൽ..?
'കറുത്ത പൊട്ട്'
'കരിവള'
'കരിമണിമാല'
എല്ലാം...കറുപ്പുമയം....
എന്തിനായിരുന്നു കറുപ്പിനോട് നിനക്കിത്തിരിയൊരിഷ്ടക്കൂടുതൽ..?
'കറുത്ത പൊട്ട്'
'കരിവള'
'കരിമണിമാല'
എല്ലാം...കറുപ്പുമയം....
തിളക്കമാർന്ന നിന്റെ കണ്ണിലെ തമോഗർത്തിനും കറുപ്പുനിറം...
അന്ന.
അന്നാ.... ഒരിക്കൽക്കൂടി നീയെന്നെ പ്രണയിക്കാമോ...ഒരിക്കൽക്കൂടി മാത്രം.
ഒരിക്കൽക്കൂടി നമുക്ക് ആ മുത്തശ്ശിപ്പാറയുടെ മുകളിൽ പോകാം...
ഒരിക്കൽ കൂടി നമുക്കാ പ്രീയപ്പെട്ട അസ്തമയം കാണാം...
തളർന്നവസാനം ആകാശം നക്ഷത്രക്കുഞ്ഞുങ്ങളെ പെറ്റുകൂട്ടുന്നത് കാണാം...
കൂമന് മലയിലെ തണുത്ത കാറ്റിൽ
ഒരുമിച്ചാ രാത്രിയുടെ കരിമ്പടം പുതയ്ക്കാം...
പതിയെ നീ മൂളാറുള്ള ചാരുലതയെ കെട്ടഴിക്കാം...
പതിയെ നമ്മെ മറക്കാം!
ഇവിടെ ഈ കോണ്ക്രീറ്റ് കാടുകൾക്കുള്ളിൽ അടച്ചിട്ട കൂട്ടിൽ ഒരിറ്റ് പ്രതീക്ഷക്ക് വേണ്ടി ഞാനിപ്പോഴും ആ പാട്ട് കേട്ടുകൊണ്ടിരിപ്പാണ്...
അന്നാ...
നിന്റെ ശബ്ദം എനിക്കിപ്പോൾ കേൾക്കാം നീ ഒരുപാടകലെയാണെങ്കിലും...ഒരിക്കലും തിരിച്ചുവരാനാകാത്ത ദൂരം നമുക്കിടയിൽ അവശേഷിക്കുന്നുവെങ്കിലും...
Subscribe to:
Posts (Atom)
അവളും ഞാനും.
ഉടലളവുകളുടെ പൂർണവിരാമങ്ങളിൽ, വലിച്ചെടുപ്പിച്ചു തിരയടങ്ങി ശാന്തമായ ചുഴി പോലെ; സ്വപ്നങ്ങളുടെ പുനർജ്ജനിയിൽ, അവൾ ഉന്മാദിയുടെ വെളിച്ചവും, ഞാൻ ആ ല...